vaccine

ന്യൂഡൽഹി: രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലേക്കും വാക്‌സിനുകൾ ഉടൻ എത്തിക്കും. ഇന്നു മുതൽ നേരത്തെ നിശ്ചയിച്ച വിതരണകേന്ദ്രങ്ങളിലേക്ക് വാക്സിൻ എത്തിക്കുമെന്നാണ് സൂചന. വാക്സിൻ എത്തിക്കേണ്ട 41 വിമാനത്താവളങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കി.

അടിയന്തര ഉപയോഗ അനുമതി ലഭിച്ച കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന സീറം ഇൻസിറ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന പൂനെയാണ് പ്രധാന ഹബ്ബ്. ഇവിടത്തെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ വാക്സിനുകൾ ഡൽഹി, ഹരിയാനയിലെ കർണാൽ, കൊൽക്കത്ത, ബംഗാൾ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെത്തിച്ച് സംഭരിക്കും.

വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഡൽഹിയും കർണാലുമാണ് മിനി ഹബ്. കിഴക്കൻ മേഖലയ്ക്കായി കൊൽക്കത്തയും ഗുവാഹത്തിയും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലേക്കുള്ള സംഭരണ കേന്ദ്രമായി ചെന്നൈയും ഹൈദരാബാദുമാണ് നിശ്ചയിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ നോഡൽ പോയിൻറ് ഗുവാഹത്തിയാണ്.

പ്രധാനമായും യാത്രാവിമാനങ്ങളെയാണ് ഉപയോഗപ്പെടുത്തുക. അരുണാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ വിദൂരമേഖലകളിലേക്ക് സി-130 ജെ, എ.എൻ-32 തുടങ്ങിയ വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഉപയോഗിക്കും. ചിലയിടങ്ങളിൽ ഹെലികോപ്ടറുകളെയും ആശ്രയിക്കും.

താപനില ക്രമീകരിച്ച പ്രത്യേക കണ്ടെയ്‌നറുകളിലാക്കിയാണ് വാക്സിനുകൾ വിമാനത്തിൽ കയറ്റുക. ഇതിനുള്ള നടപടിക്രമങ്ങൾ കേന്ദ്രം തയാറാക്കി. ഇത് ബന്ധപ്പെട്ടവർക്ക് ഉടൻ കൈമാറും.