farmers-strike

ന്യൂഡൽഹി: പുതിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്ഥാന അതിർത്തിയിൽ കർഷകരുടെ ശക്തിപ്രകടനം. ദേശീയ പതാകയേന്തി, ഉച്ചത്തിൽ പാട്ട് പാടി, മുദ്രാവാക്യം മുഴക്കി മൂവായിരത്തിലേറെ ട്രാക്ടറുകളിലും ട്രോളികളിലുമായി ആയിരക്കണക്കിന് കർഷകരാണ് അതിർത്തിയിലെ സമരകേന്ദ്രങ്ങളിലൂടെ റാലി നടത്തിയത്.

ഇന്ന് എട്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഇന്നലെ നടന്ന റാലി കേന്ദ്രസർക്കാരിനെ കൂടുതൽ സമർദ്ദത്തിലാക്കിയിരിക്കയാണ്.

ട്രാക്ടർ റാലി ട്രെയിലർ മാത്രമാണെന്നും സിനിമ കാണാൻ ജനുവരി 26 വരെ കാത്തിരിക്കൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടങ്ങില്ല.താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതിലും പുതിയ നിയമങ്ങൾ റദ്ദാക്കുന്നതിലും തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഇന്ന് രാവിലെ വരെ സമയമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമരം ശക്തമാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് നിലവിൽ സമരം നടക്കുന്ന ഡൽഹിയിലെ നാല് അതിർത്തികളിലും വൻ ട്രാക്ടർ റാലി സംഘടിപ്പിച്ചത്. രാവിലെ 11 ന് തുടങ്ങി വൈകിട്ട് വരെ റാലി നീണ്ടു.

കുണ്ട്‌ലി- മനേസർ - പൽവാൽ എക്‌സപ്രസ് വേയിലാണ് റാലി നടന്നത്. സമരകേന്ദ്രങ്ങളായ സിംഘു മുതൽ തിക്രിവരെയും, തിക്രിയിൽ നിന്ന് കുണ്ട്ലിയിലേക്കും, ഗാസിപ്പൂർ മുതൽ പൽവാൻ വരെയും രാജസ്ഥാനിലെ റേവാസനിൽ നിന്ന് പൽവാലിലേക്കും റാലികൾ നടന്നു. ഹരിയാനയിലെ വിവിധയിടങ്ങളിൽ നിന്നുള്ളവരും റാലികളിൽ പങ്കെടുത്തു.

3500ലേറെ ട്രാക്ടറുകളും ട്രോളികളിലുമായി ആയിരക്കണക്കിന് കർഷകർ പങ്കെടുത്തതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. പുതിയ നിയമങ്ങൾക്കനുകൂലമായി കേന്ദ്രസർക്കാർ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയായുള്ള രാജ്യവ്യാപകമായുള്ള രണ്ടാഴ്ച നീളുന്ന ദേശ് ജാഗ്രതാ അഭിയാൻ പരിപാടികളും ഇന്നലെ ആരംഭിച്ചു.

ചർച്ച വിജ്ഞാൻ ഭവനിൽ

കേന്ദ്രസർക്കാരും സംയുക്ത കിസാൻ മോർച്ച നേതാക്കളും തമ്മിലുള്ള എട്ടാംഘട്ട ചർച്ച ഇന്ന് ഉച്ചയക്ക് വിജ്ഞാൻ ഭവനിൽ നടക്കും. പുതിയ നിയമങ്ങൾ റദ്ദാക്കുന്നതിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയ്ക്ക് തയറായില്ലെങ്കിൽ കടുത്ത സമരപരിപാടികൾക്കൊരുങ്ങുകയാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് സമാന്തര കിസാൻ പരേഡ് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.