ന്യൂഡൽഹി: കുത്തിവയ്ക്കുന്നതിന് പകരം മൂക്കിലൂടെ നൽകാവുന്ന തരത്തിലുള്ള കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് ഹൈദരാബാദിലെ ഭാരത് ബയോടെക് ഒരുങ്ങുന്നു. നാഗ്പുരിലെ സ്വകാര്യ ആശുപത്രിയലാണ് നേസൽ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അനുമതി ലഭിച്ചാലുടൻ പരീക്ഷണം തുടങ്ങും.
വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂകൾ ഒഫ് മെഡിസണുമായി ചേർന്നാണ് നേസൽ വാക്‌സിൻ ഭാരത് ബയോടെക് വികസിപ്പിക്കുന്നത്. രണ്ടു ഡോസ് കുത്തിവയ്പ്പിന് പകരം ഒരു ഡോസ് വാക്‌സിനാണ് ലക്ഷ്യമിടുന്നത്. കുത്തിവയ്ക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണിതെന്നാണ് അവകാശവാദം,
18 വയസിനും 65നും ഇടയിലുള്ള 45ഓളം പേരിലായിരിക്കും ക്ലിനിക്കൽ പരീക്ഷണം. ഭുവനേശ്വർ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങിലും പരീക്ഷണം നടത്താൻ പദ്ധതിയുണ്ട്.
ഐ.സി.എം.ആറുമായി ചേർന്ന് ഭാരത് ബയോടെക് നിർമ്മിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയിരുന്നു. കൊവാക്സിൻറെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് 25000ത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്.