ന്യൂഡൽഹി: ഐസിസിൽ ചേരാനായി സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ പിടിയിലായി ഇന്ത്യയിലേക്ക് മടക്കിയ കണ്ണൂർ സ്വദേശിയെ ഏഴ് വർഷം കഠിനതടവിന് ഡൽഹി എൻ.ഐ.എ കോടതി ശിക്ഷിച്ചു.
കണ്ണൂർ കൂടാളിക്കടുത്ത് ഷാജഹാൻ വെള്ളുവ കണ്ടിയെയാണ് ശിക്ഷിച്ചത്. 73000 രൂപ പിഴയും അടയ്ക്കണം.
അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസ് അംഗമാണ് ഷാജഹാൻ എന്ന് എൻ.ഐ.എ വ്യക്തമാക്കി. രണ്ടു തവണയാണ് ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്.
ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് സിറിയയിലേക്ക് പോകാനായി 2016 ഒക്ടോബറിൽ കുടുംബസമേതം ഷാജഹാൻ രാജ്യംവിട്ടു. മലേഷ്യയിലൂടെ തുർക്കിയിലെത്തിയ ഷാജഹാനെയും കുടുംബത്തെയും സിറിയ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി അധികൃതർ പിടികൂടി 2017 ഫെബ്രുവരി ഒന്നിന് ഇന്ത്യയിലേക്ക് മടക്കിവിട്ടു. നാട്ടിലെത്തിയശേഷം ഷാജഹാൻ 2017 ഏപ്രിലിൽ വീണ്ടും തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചു. ഇക്കുറി തായ്ലൻഡ് വഴിയാണ് തുർക്കിയിലെത്തിയത്. വ്യാജരേഖകളുണ്ടാക്കി വീണ്ടും ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചായിരുന്നു യാത്ര. തുർക്കി-സിറിയൻ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി അധികൃതർ ഇയാളെ പിടികൂടി ജൂലായ് ഒന്നിന് വീണ്ടും ഇന്ത്യയിലേക്ക് നാടുകടത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഷാജഹാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ മുഹമ്മദ് മുസ്തഫയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു. ഡൽഹി സ്പെഷ്യൽ സെൽ എടുത്ത കേസ് പിന്നീട് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. 2017 ഡിസംബറിൽ എൻ.ഐ.എ കുറ്റപത്രം നൽകി. മുഹമ്മദ് മുസ്തഫയുടെ വിചാരണ തുടരുകയാണെന്നും എൻ.ഐ.എ അറിയിച്ചു.
ഷാജഹാന് മുമ്പേ പോയവർ വെടിയേറ്റു മരിച്ചു
കണ്ണൂർ: ഡൽഹി എൻ.ഐ.എ കോടതി ശിക്ഷിച്ച ഷാജഹാന് മുമ്പേപോയ കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഉൾപ്പെടെയുള്ള സംഘം സിറിയയിൽ വെടിയേറ്റു മരിച്ചിരുന്നു. കണ്ണൂരിലെ ചക്കരക്കല്ലിൽ നിന്നു കുടുംബസമേതമാണ് ഷാജഹാൻ അൽക്വയ്ദയിൽ ചേരാൻ പോയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നു പോയ സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഷാജഹാനും കുടുംബവും സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടത്. എന്നാൽ ഷാജഹാനെ തുർക്കി പൊലീസ് പിടികൂടി ഡൽഹിയിലെത്തിക്കുകയായിരുന്നു.
ബിരിയാണി ഹംസ ഉൾപ്പെടെയുള്ള സംഘത്തെ ടൗൺ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാട്ടിലെത്തിച്ചത്. ഇതിൽ ഷാജഹാന്റെ ഭാര്യയുമുണ്ടായിരുന്നു.