ന്യൂഡൽഹി: കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് അനുവദിച്ച വ്യക്തിയുടെ സ്വാഭാവിക ജാമ്യം , പിന്നീട് കുറ്റപത്രം സമർപ്പിച്ചതിനാൽ മാത്രം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹരിയാന ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. സാമ്പത്തിക് ക്രമക്കേടാരോപിച്ച് അറസ്റ്റിലായ വ്യക്തിക്ക് പൊലീസ് 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കുമ്പോൾ ജാമ്യം റദ്ദാകുമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇതിനെതിരെയാണ് വ്യക്തി കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ ഈ വ്യക്തിയെ ജയിലിൽ കിടത്താൻ തക്ക തെളിവുകളുണ്ടെങ്കിൽ മാത്രമേ ജാമ്യം റദ്ദാക്കാൻ സാധിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിധിച്ചു.