harshavardhanan

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണ നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനുള്ള രണ്ടാംഘട്ട രാജ്യവ്യാപക ഡ്രൈ റൺ ഇന്ന് നടക്കും. രാജ്യത്തെ 33 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ, 736 ജില്ലകളിലെ മൂന്ന് കേന്ദ്രങ്ങളിൽ വീതം രണ്ടാംഘട്ട മോക്ഡ്രിൽ നടത്തും. നടപടികൾ വീക്ഷിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ഇന്ന് തമിഴ്‌നാട്ടിലെത്തും.
ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലെ ഡ്രൈ റൺ പ്രവർത്തനങ്ങൾ അദ്ദേഹം നിരീക്ഷിക്കും. ചെങ്കൽപ്പേട്ടിലെ വാക്‌സിനേഷൻ കേന്ദ്രത്തിലും എത്തും. ഡ്രൈ റണ്ണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറിൻസിംഗിലൂടെ അദ്ദേഹം ഇന്നലെ ചർച്ച നടത്തി. കൊ -വിൻ ആപ്പിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കേണ്ട 78 ലക്ഷത്തിലേറെ പേരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതായും വാക്‌സിൻ വിതരണം ഉടൻ രാജ്യത്ത് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ, പ്രിൻസിപ്പൽ സെക്രട്ടറിമാർ,അഡിഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവർ തയ്യാറെടുപ്പുകൾ സംബന്ധിച്ച അവലോകന യോഗത്തിൽ പങ്കെടുത്തു.

പിഴവില്ലാത്ത വാക്സിൻ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പരിശോധിക്കും.