ന്യൂഡൽഹി: സംഘടിതരായി ആയുധങ്ങളുമായി എത്തുന്ന മൃഗവേട്ടക്കാരെ എങ്ങിനെയാണ് നിരായുധരായ ഫോറസ്റ്റ് ഗാർഡുകൾ നേരിടുന്നതെന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. രാജസ്ഥാനിൽ വേട്ടക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് പരാമർശം.
കൊടും വനത്തിൽ വന്യമൃഗങ്ങളെയും ആയുധധാരികളായ വേട്ടക്കാരെയും പേടിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. സ്വയ രക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജോലിയാണ്. ഇക്കാര്യത്തിൽ അസാമിനെ മാതൃകയാക്കണം. അവർ തോക്ക് അനുവദിക്കുന്നുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ എന്തുകൊണ്ട് ലാത്തിയിലൊതുങ്ങുന്നു.
നഗരത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാൽ പലരുടെയും സഹായം തേടാനാകും. എന്നാൽ കാട്ടിലെ ഫോറസ്റ്റ് ഗാർഡിന് ആ സൗകര്യം ഇല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആയുധം കൈയിൽ വയ്ക്കാൻ ലൈസൻസ് അനുവദിക്കുന്നതിനായി സംയുക്ത പദ്ധതി സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത , അമിക്കസ് ക്യൂരി ശ്യാം ദിവാൻ, സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് നിർദേശം നൽകി. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ചൈനീസ് അനധികൃത വന്യജീവി കച്ചവടക്കാർക്കായി മൃഗവേട്ടക്കാർ ശേഖരിച്ച ഈനാമ്പേച്ചിയുടെ തൊലി ഫോറസ്റ്റ് ഗാർഡുകൾ പിടിച്ചെടുത്ത കഥ ചീഫ് ജസ്റ്റിസ് കോടതിയിൽ വിവരിച്ചു. അന്താരാഷ്ട്ര സംഘങ്ങൾക്ക് പോലും മൃഗവേട്ടകളിൽ പങ്കുണ്ട്. അതിനാൽ കോടി കണക്കിന് ഡോളറുകളിൽ നടക്കുന്ന ഈ അനധികൃത വ്യവസായം തടയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പ്രത്യേക സെൽ ആരംഭിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.