ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസ് ഭാഗികമായി തുടങ്ങി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന്
256 പേരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്നലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് ജനുവരി ആറിന് തുടങ്ങിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവാണെങ്കിലും ഏഴുദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഡൽഹി സർക്കാർ ഏർപ്പെടുത്തി. തുടർന്ന് ഏഴ് ദിവസം ഹോം ഐസൊലേഷനും വേണം. കൊവിഡ് പോസിറ്റീവാകുന്നവരെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.
ജനിതകമാറ്റം വന്ന കൊവിഡ് ബ്രിട്ടനിൽ വ്യാപിച്ചതിന് പിന്നാലെ ഡിസംബർ 23 മുതലാണ് ഇന്ത്യ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് റദ്ദാക്കിയത്. ആദ്യം ഡിസംബർ 31വരെയും പിന്നീട് ജനുവരി ഏഴ് വരെയും നീട്ടുകയായിരുന്നു. ബ്രിട്ടനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും
വിമാനസർവീസ് റദ്ദാക്കിയത് ജനുവരി 31 വരെ നീട്ടണമെന്നും ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ഡൽഹിയിൽ 13 പേർക്കാണ് ഇതുവരെ പുതിയ വൈറസ് സ്ഥിരീകരിച്ചത്.