farmers

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കർഷകരും പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും കടുത്ത നിലപാടെടുത്തതോടെ കർഷക സമരം അവസാനിപ്പിക്കാൻ ഇന്നലെ നടന്ന എട്ടാം ചർച്ചയും അലസി. ഈ മാസം 15ന് വീണ്ടും ചർച്ച നടക്കും.

നിയമം പിൻവലിക്കാതെ വീട്ടിലേക്ക് മടങ്ങില്ല, വിജയം അല്ലെങ്കിൽ മരണം എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ചർച്ചയ്ക്ക് എത്തിയ കർഷക നേതാക്കൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങാതെയും പ്രതിഷേധിച്ചു. കൃഷി സംസ്ഥാന വിഷയമാണെന്നും നിയമനിർമ്മാണത്തിനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നുംഅവർ ആവശ്യപ്പെട്ടു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ നിരവധി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

പുതിയ നിയമങ്ങളെക്കുറിച്ച് ചർച്ചയാവാമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ തുടക്കത്തിലേ വ്യക്തമാക്കി. എന്നാൽ നിയമം റദ്ദാക്കുന്നതിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രശ്‌നപരിഹാരത്തിന് താത്പര്യമില്ലെങ്കിൽ എന്തിന് സമയം പാഴാക്കണമെന്നും നേതാക്കൾ ചോദിച്ചു.
നിയമം റദ്ദാക്കുന്നതൊഴികെ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ കൃഷിമന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം കർഷകരുടെയും താത്പര്യം കേന്ദ്രസർക്കാരിന് പരിഗണിക്കേണ്ടതുണ്ട്. പരിഹാരം കണ്ടെത്താൻ ഇരുകൂട്ടരും അടങ്ങിയ സമിതിയെ നിയോഗിക്കാം, സുപ്രീംകോടതിയിലുള്ള ഹർജിയിൽ പ്രതിദിന വാദം കേട്ട് എത്രയും വേഗം വിധി പറയാൻ ആവശ്യപ്പെടാം എന്നീ നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ടുവച്ചു. അതൊന്നും കർഷകർ അംഗീകരിച്ചില്ല.

പഞ്ചാബിലെ ചില ബി.ജെ.പി നേതാക്കൾ സമരക്കാരെ അവഹേളിക്കുകകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി കർഷകനേതാവ് ബൽഭീർ സിംഗ് രജേവാൾ യോഗത്തിൽ പരാതിപ്പെട്ടു.

ഭേദഗതി കൊണ്ടുവരാമെന്നാണ് കേന്ദ്രം പറയുന്നതെന്നും നിയമം റദ്ദാക്കുക മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് യോഗത്തിന് ശേഷം പറഞ്ഞു. സമരം പിൻവലിക്കില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് കിസാൻ പരേഡ് നടത്തുമെന്നും അഖിലേന്ത്യാ കിസാൻ സഭ നേതാവ് ഹനൻമൊള്ളയും വ്യക്തമാക്കി.

45 ദിവസത്തിലേറെയായി ഡൽഹി അതിർത്തിയിൽ കൊടും തണുപ്പിലും സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയിലെ 41 നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രത്തിന് വേണ്ടി മന്ത്രി തോമറിനെകൂടാതെ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, വാണിജ്യസഹമന്ത്രി സോംപ്രകാശ് എന്നിവരും പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് മന്ത്രിമാർ എത്തിയത്.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും അമിത്ഷായുമായി ചർച്ച നടത്തി.

അതിനിടെ സിക്ക് പുരോഹിതൻ ബാബ ലഖ സിംഗുമായി തോമർ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. അദ്ദേഹത്തോട് മദ്ധ്യസ്ഥത വഹിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞു.