ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബൽവന്ദ് സിംഗ് രജോനയുടെ ദയാഹർജി തീരുമാനമെടുക്കാതെ നീളുന്നതിനെപ്പറ്റി കേന്ദ്രത്തോട് വിവരങ്ങൾ ആരാഞ്ഞ് സുപ്രീംകോടതി. ഈ മാസം 25ന് ഇതു സംബന്ധിച്ച് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാനാണ് കേന്ദ്രത്തിന് നിർദേശം നൽകിയത്. റിപ്പബ്ലിക്ക് ദിനത്തിൽ പ്രത്യേക അതിഥികളൊന്നും ഇല്ലാത്തതിനാൽ ദയാഹർജി സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയോട് ആരായാൻ 25 നല്ല ദിവസമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.
25 വർഷങ്ങൾക്ക് മുമ്പ് അറസ്റ്റിലായ ബൽവന്ത് കഴിഞ്ഞ എട്ട് വർഷമായി ദയാഹർജിയിൽ വിധി കാത്തിരിക്കുകയാണ്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ബൽവന്ദിന്റെ ആവശ്യം.
1995ൽ ബിയാന്ത് സിംഗ് അടക്കം 17 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ബൽവന്ദ് സിംഗ് രജോന. പഞ്ചാബ് പൊലീസ് കോൺസ്റ്റബിൾ ദിവാവർ സിംഗ് ആയിരുന്നു ചാവേർ. കുറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ട ആറു പേരിൽ ബൽവന്ദ് സിംഗ് രജോന ഉൾപ്പെടെ രണ്ടു പേർക്കു വധശിക്ഷ വിധിച്ചു. ഇപ്പോഴും 6 പേർ പിടികിട്ടാപ്പുള്ളികളാണ്.