ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവായാലും ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഡൽഹി സർക്കാർ നിർബന്ധമാക്കിയതോടെ നിരവധി മലയാളികൾ ഉൾപ്പെടെ ഇവിടെ കുടുങ്ങി.
ലണ്ടനിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെയെത്തിയ 256 പേരാണ് അപ്രതീക്ഷിതമായി കുടുങ്ങിയത്. കൈക്കുഞ്ഞുങ്ങളുമായി വന്നവരുൾപ്പെടെ ഹോട്ടലുകളിലേക്ക് മാറാതെ ലൗഞ്ചിൽ കഴിയുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ ഇടവേളയിൽ നടത്തിയ രണ്ടു ആർ.ടി.പി.സി.ആർ പരിശോധനയിലും നെഗറ്റീവായിട്ടും ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് ബ്രിട്ടനിൽ നഴ്സായ ഇടുക്കി സ്വദേശി റോഷ്ന കേരളകൗമുദിയോട് പറഞ്ഞു. വിവാഹ ആവശ്യത്തിനായി മൂന്നാഴ്ചത്തെ ലീവിനാണ് വന്നത്. ജനുവരി 6ന് ബ്രിട്ടനിൽ 20,000 രൂപയോളം മുടക്കി ചെയ്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച ശേഷമാണ് വിമാനത്തിൽ കയറ്റിയത്. ഡൽഹി വിമാനത്താവളത്തിൽ രാവിലെ പത്തുമണിയോടെയെത്തി. അധികൃതർ പാസ്പോർട്ട് വാങ്ങിവച്ചു. സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ഫലം വന്നശേഷം പാസ്പോർട്ട് തരാമെന്നാണ് അറിയിച്ചത്. അഞ്ച് ആറ് മണിക്കൂർ കഴിഞ്ഞേ പോകാൻ കഴിയുള്ളൂവെന്നും പറഞ്ഞു. ഞാനുൾപ്പെടെ എല്ലാവരുടെയും ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാണ്. ഇപ്പോൾ ക്വാറന്റൈനിൽ പോകണമെന്ന് നിർദ്ദേശിക്കുകയാണ്. പാസ്പോർട്ട് തരുന്നില്ല. ഡൽഹിയിൽ തന്നെ ക്വാറന്റൈനിൽ നിൽക്കണമെന്നാണ് പറയുന്നത്.