
ന്യൂഡൽഹി :മധുരയിൽ ദിനകരൻ പത്ര ഓഫീസിനു നേരേ 2007ൽ നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ അറ്റാക്ക് പാണ്ഡി, തന്നെ ജീവപര്യന്തം ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹർജിയിൽ സി.ബി.ഐയുടെ അഭിപ്രായം തേടി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ രണ്ടാഴ്ചത്തെ പരോൾ അനുവദിക്കണമെന്നുള്ള ആവശ്യവും സുപ്രീംകോടതി തൽക്കാലം പരിഗണിച്ചില്ല.
അറ്റാക്ക് പാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ദിനകരൻ പത്ര ഓഫീസിനു നേരെ 2007 മേയ് അഞ്ചിന് തുടരെ പെട്രോൾ ബോംബാക്രമണം നടത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷിച്ച കുറ്റപത്രത്തിൽ റിട്ട. ഡി.എസ്.പി. ഉൾപ്പെടെ 17 പേരാണുണ്ടായിരുന്നത്. വിചാരണകാലയളവിൽ ഒരാൾ മരിച്ചു. അറ്റാക്ക് പാണ്ഡി അടക്കം ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.ഡി.എം.കെ. പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയുടെ പിൻഗാമി മകൻ എം.കെ. സ്റ്റാലിനായിരിക്കുമെന്ന് ദിനകരൻ പത്രം അഭിപ്രായ സർവേ പ്രസിദ്ധീകരിച്ചതിനെച്ചൊല്ലിയുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണം.