modi

ന്യൂഡൽഹി: രണ്ട് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്‌സിൻ ഉപയോഗിച്ച് മാനവരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ് ദിവസ് കൺവെൻഷന്റെ വിർച്വൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനായി കാത്തിരിക്കുന്നതിനൊപ്പം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ നടക്കുന്നതെന്ന് കൂടി അറിയാൻ ലോകം ആകാംക്ഷയോടെ ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊവിഡ് കാലത്ത് ലോകത്തിന്റെ ഫാർമസിയായി പ്രവർത്തിച്ച ഇന്ത്യൻ വാക്‌സിന്റെ കാര്യത്തിലും ആ സഹകരണം തുടരും.

പി.പി.ഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്‌നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നു. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാദ്ധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യാഥാർത്ഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനിൽക്കുന്നു. രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്.

പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങൾ മഹത്തരമാണെന്ന് എടുത്തുപറഞ്ഞ മോദി ഉദ്ഘാടന പ്രസംഗത്തിൽ തിരുവള്ളുവരെ ഉദ്ധരിച്ചു. വെല്ലുവിളികളുടെ വർഷമാണ് കഴിഞ്ഞതെന്നും പി.എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന പ്രശംസനീയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.