crow

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലും ജമ്മുവിലെ മൂന്നു ജില്ലകളിൽ നൂറിലേറെ കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. ഡൽഹി മയൂർ വിഹാർ ഫേസ് 3ൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുനൂറോളം കാക്കകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ജമ്മുവിലെ ഉദ്ധംപൂർ, കത്തുവ, രാജൗരി ജില്ലകളിൽ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയിൽ കണ്ടെത്തിയത്. കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയ പ്രദേശങ്ങളിൽ വന്യജീവിമൃഗസംരക്ഷണ വകുപ്പ് അധികൃതർ സന്ദർശനം നടത്തി. കാരണം കണ്ടെത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പ് അധികൃതരും സാമ്പിളുകൾ പഞ്ചാബിലെ ജലന്ദർ നാഷണൽ റീജിയണൽ ഡിസീസ് ഡയഗനോസ്റ്റിസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

കേരളം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കർമപദ്ധതി പ്രകാരം രോഗം നിയന്ത്രിക്കാനുളള നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മുൻകരുതൽ നടപടിയെന്നോണം ജീവനുളള പക്ഷികളുടെയും സംസ്‌കരിക്കാത്ത കോഴിയിറച്ചിയുടെയും ഇറക്കുമതി ജമ്മു അടക്കം മിക്ക സംസ്ഥാനങ്ങളും 14 വരെ നിരോധിച്ചിട്ടുണ്ട്.