ന്യൂഡൽഹി: രാജ്യത്ത് എട്ടു പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയതോടെ ആകെ രോഗികൾ 90ലെത്തി. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവരാണ് ഇവരെല്ലാം. യു.കെയിൽ നിന്ന് ഇൻഡോറിലെത്തിയ 39കാരനിൽ രോഗം കണ്ടെത്തിയോടെ മദ്ധ്യപ്രദേശിൽ ആദ്യമായി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. മഹാരാഷ്ട്രയിൽ മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിവ്യാപന വൈറസ് ബാധിതരുടെ എണ്ണം 11ആയി. 11പേർക്കും രോഗലക്ഷണങ്ങളില്ല.
രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ത്യ- യു.കെ വിമാനസർവീസ് പുനരാരംഭിച്ചിരുന്നു. 256 പേരെ ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തിച്ചു. ഇവരെ കർശനമായ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡൽഹി സർക്കാരും അറിയിച്ചു.
24 മണിക്കൂറിനിടെ 18,222 പേർക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,222 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228 മരണങ്ങളും. ആകെ രോഗികൾ 1,04,31,639. ആകെ മരണം 1,50,798. ഇതുവരെ 1,00,56,651 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗികൾ 20,000ത്തിൽ താഴെയും മരണം 300ന് താഴെയുമാണ്.