ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവായാലും ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് ഒന്നര ദിവസത്തോളം ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിച്ചു.
വെള്ളിയാഴ്ച രാവിലെയോടെ ലണ്ടനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയും ശേഷം ഇന്നലെ വൈകിട്ട് വരെ ഡൽഹിയിൽ കുടുങ്ങുകയും ചെയ്ത മലയാളികളിൽ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായവരെയാണ് കേരളത്തിലെത്തിച്ചത്. എയർ ഇന്ത്യയുടെ കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് എത്തിയവരെ ഇന്നലെ വൈകിട്ട് 4 മണിയോടെയുള്ള എയർ ഇന്ത്യ വിമാനത്തിലും മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർ സ്വന്തം ചെലവിൽ പുതിയ വിമാനടിക്കറ്റുകൾ എടുത്തമാണ് തിരികെ കേരളത്തിലേക്ക് മടങ്ങിയത്. കൊവിഡ് പോസിറ്റീവ് ആയവരെ ഡൽഹിയിലെ കൊവിഡ് കെയർ സെൻ്ററിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചെങ്കിലും മലയാളികൾ ആർക്കും കൊവിഡ് സ്ഥിരികരിച്ചിട്ടില്ല.
യു.കെയിൽ ജനതക മാറ്റം വന്ന കൊവിഡ് കണ്ടെത്തിയോടെ കഴിഞ്ഞ ഡിസംബർ 23 മുതൽ ഇന്ത്യ- യു.കെ. വിമാന സർവ്വീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ശേഷം പുനരാരംഭിച്ച സർവ്വീസിൽ ലണ്ടനിൽ നിന്ന് വെള്ളിയാഴ്ച രാവിലെയോടെ ഡൽഹയിലെത്തിയ ആദ്യ വിമാനത്തിലെ 256 പേരെയാണ് എയർപോർട്ടിൽ തടഞ്ഞുവച്ചത്.കൈക്കുഞ്ഞുങ്ങളുമായി വന്നവരുൾപ്പെടെ ഹോട്ടലുകളിലേക്ക് മാറാതെ ഒന്നര ദിവസം വിമാനത്താവളത്തിലെ ലൗഞ്ചിൽ കഴിഞ്ഞു. ബ്രിട്ടനിൽ 20,000 രൂപയോളം മുടക്കി ചെയ്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച ശേഷം വിമാനത്തിൽ കയറിയവരായിരുന്നു ഭൂരിഭാഗം പേരും. അധികൃതർ പാസ്പോർട്ട് വാങ്ങിവച്ചു. സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ഫലം വന്നശേഷം പാസ്പോർട്ട് തരാമെന്നാണ് അറിയിച്ചത്. ഡൽഹിയിൽ തന്നെ ക്വാറന്റൈനിൽ നിൽക്കണമെന്നും ആവശ്യപ്പെട്ടതായി യാത്രക്കാർ പറയുന്നു.