ന്യൂഡൽഹി / തിരുവനന്തപുരം: മഹാമാരിക്കെതിരായ മഹായജ്ഞത്തിന് രാജ്യം കാത്തിരുന്ന ദിനം ഒരാഴ്‌ച മാത്രം അകലെ. കേരളത്തിലുൾപ്പെടെ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ് 16ന് (ശനി) തുടങ്ങും. വാക്‌സിനേഷന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒരു കേന്ദ്രത്തിൽ 100 പേർക്ക് വീതം 133 ഇടത്തായി 13,300 പേർക്ക് ആദ്യദിനം സംസ്ഥാനത്ത് വാക്സിൻ കുത്തിവയ്‌ക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകൾ 9 വീതം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ്, ആശാവർക്കർമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരുൾപ്പെട്ട മൂന്ന് കോടി കൊവിഡ് പോരാളികൾക്കാണ് വാക്‌സിൻ നൽകുക. തുടർന്ന് അൻപതു വയസിന് മുകളിലുള്ളവർ, അൻപതിൽ താഴെ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിങ്ങനെ 27 കോടി പേർക്കും നൽകും.79 ലക്ഷം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തിൽ വ്യക്തിഗത രജിസ്‌ട്രേഷനില്ല. വാക്‌സിനേഷൻ മേൽനോട്ടത്തിനുള്ള ആപ്പ് പ്രവർത്തന സജ്ജമായിട്ടില്ല. അതിനാൽ ആധാർ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം.
കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയതിനു പിന്നാലെ വാക്സിനേഷൻ റിഹേഴ്സലായ ഡ്രൈ റൺ രാജ്യത്താകെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സംസ്ഥാനങ്ങൾക്ക് 480 കോടി
കുത്തിവയ്പു ചെലവിന് സംസ്ഥാനങ്ങൾക്ക് 480 കോടി രൂപ അനുവദിക്കും. വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണം നോക്കി ഓരോ സംസ്ഥാനത്തിന്റെയും വിഹിതം നിശ്ചയിക്കും. തയ്യാറെടുപ്പ് 13ന് മുൻപ് പൂർത്തിയാക്കും. കുത്തിവയ്‌പ് യജ്ഞത്തിൽ സജീവമാകാൻ ഐ.എം.എ ഡോക്ടർമാർക്കു നിർദ്ദേശം നൽകി.
ദിവസം,സമയം എസ്.എം.എസിലൂടെ
രജിസ്റ്റർ ചെയ്തവരുടെ മൊബൈൽ ഫോണിലേക്ക് വാക്സിനേഷൻ ദിവസവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ക്യൂ അനുവദിക്കില്ല. രണ്ട് മീറ്റർ ഇടവിട്ട് കസേരയിടും. വാക്സിൻ കേന്ദ്രത്തിൽ ഒരു ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവർത്തകർ. എെഡന്റിറ്റി കാർഡ് പരിശോധിച്ച് കേന്ദ്രത്തിലേക്ക് കടത്തിവിടും. ഒരാൾക്ക് കുത്തിവയ്പിന് 5 മിനിട്ട്. തുടർന്ന് 30 മിനിട്ട് നിരീക്ഷിക്കും. ഒരാൾക്ക് രണ്ട് ഡോസാണ് കുത്തിവയ്ക്കുന്നത്. ആദ്യ ഡോസ് കുത്തിവച്ച് നാലാഴ്ച കഴിഞ്ഞ് രണ്ടാമത്തേത്.
ശ്രദ്ധിക്കൂ!
കൊവിഡ് ലക്ഷണങ്ങളുള്ളവർ, അതു മാറി 14 ദിവസത്തിനു ശേഷം വാക്സിനെടുക്കുക
കാൻസർ, പ്രമേഹ രോഗികൾ കൃത്യമായി വാക്സിൻ എടുത്തിരിക്കണം
വിവിധ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർക്കും വാക്സിൻ എടുക്കാം
വാക്സിനേഷനു ശേഷം പനി, തലവേദന, ശരീരവേദന എന്നിവ സ്വാഭാവികം
കൊവിഡ് 19ന് എതിരായ പോരാട്ടത്തിൽ 16ന് ഇന്ത്യ ചരിത്രപരമായ ചുവടുവയ്പ് നടത്തുകയാണ്. അന്ന് ഇന്ത്യയിൽ രാജ്യവ്യാപകമായി വാക്സിൻ വിതരണം ആരംഭിക്കുകയാണ്. ആദ്യ പരിഗണന നൽകുന്നത് നമ്മുടെ ധീരരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റു മുന്നണി പ്രവർത്തകർക്കുമാണ്.
നരേന്ദ്രമോദി,
പ്രധാനമന്ത്രി