ന്യൂഡൽഹി: ചൈനീസ് കടലിൽ രണ്ടു ചരക്ക് കപ്പലുകളിലായി കുടുങ്ങിയ ഇന്ത്യൻ നാവികരെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ചൈനീസ് പ്രവിശ്യയായ ഹെബെയ്‌യിലെ ജിൻതാംഗ് തുറമുഖത്തിനു സമീപം നങ്കൂരമിട്ട എം.വി. ജാഗ് ആനന്ദിലെ 23 ഇന്ത്യക്കാരെയാണ് ആദ്യം നാട്ടിലെത്തിക്കുക. ഈ ചരക്കുകപ്പൽ ജപ്പാനിലേക്ക് ക്രൂചേഞ്ചിനായി പുറപ്പെടാൻ തയ്യാറായിട്ടുണ്ടെന്നും വരുന്ന 14ന് ഇന്ത്യയിലെത്തുമെന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കൗഫെയ്ഡിയൻ തുറമുഖത്തിനുസമീപം നങ്കുരമിട്ടിരിക്കുന്ന എം.വി. അനസ്റ്റാസിയ എന്ന കപ്പലിൽ കുടുങ്ങി കിടക്കുന്ന 16 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചൈനീസ് സർക്കാരുമായി ചർച്ചയിലേർപ്പെട്ടിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് ശ്രീവാസ്തവ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുറമുഖത്തേക്ക് പ്രവേശിക്കാനോ ക്രൂചേഞ്ചിനോ ചൈനീസ് അധികൃതർ അനുമതി നൽകാത്തതിനെത്തുടർന്ന്, ചരക്ക് വിട്ടുകിട്ടാതെ കപ്പലുകൾ കഴിഞ്ഞ ജൂലായ് മുതൽ കുടുങ്ങിക്കിടക്കുകയാണ്.