ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ, കൊടും തണുപ്പിലും മഴയിലും സമരം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ വസതികളിൽ പ്രതിഷേധിക്കും.
കേന്ദ്രവും കർഷകനേതാക്കളുമായുള്ള ഒമ്പതാം വട്ട ചർച്ച നിശ്ചയിച്ചിരിക്കുന്ന 15ന് രാജ്യമൊട്ടാകെ ഗവർണർമാരുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാക്കൾ ഇന്നലെ കർഷക പ്രതിനിധികളെ സന്ദർശിച്ചിരുന്നു. സമരം ചെയ്യുന്ന കർഷകരിൽ ആത്മഹത്യ പ്രവണതയും വിഷാദരോഗങ്ങളും വർദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ഡൽഹി സർക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്നലെ സിംഗു അതിർത്തിയിൽ കൗൺസിലിംഗ് സെഷനുകൾ സംഘടിപ്പിച്ചു.
കേസ് നാളെ സുപ്രീംകോടതിയിൽ
കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മനോഹർലാൽ ശർമ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളിൽ നാളെ സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.
അവസാനം വാദം കേട്ടപ്പോൾ കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ചർച്ച പ്രോത്സാഹിപ്പിക്കാനും എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് എട്ടാം വട്ട ചർച്ചയ്ക്ക് ശേഷമുള്ള കേന്ദ്രത്തിന്റെ നിലപാട്.
കോടതി നിർദേശപ്രകാരം സമിതി രൂപീകരിക്കുമ്പോൾ സമരത്തിൽ പങ്കെടുക്കാത്ത കർഷകസംഘടനകളെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടും. സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും സമിതിയിലേക്ക് കൊണ്ടുവരാനാണിത്.
എന്നാൽ സമിതി രൂപീകരിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഒരു തീരുമാനമുണ്ടാകാൻ കാലതാമസെമടുത്തേക്കും. അത്രയും കാലം ഈ കൊടുംതണുപ്പിൽ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. അതേസമയം, നിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ അടുത്ത ചർച്ചയ്ക്ക് പോകണ്ട കാര്യമിലെന്ന നിലപാടിലേക്ക് ചില കർഷകസംഘടനകൾ നീങ്ങുന്നുണ്ട്.
സമരക്കാരെ ഒഴിപ്പിക്കണമെന്ന് ഹർജി
ഷഹീൻബാഗ് മാതൃകയിൽ കർഷകർ പൊതുനിരത്തിൽ സമരം ചെയ്യുന്നത് ജനജീവിതത്തെ തടസപ്പെടുത്തുന്നുവെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.
ഋഷഭ് ശർമയാണ് ഹർജിക്കാരൻ. നേരത്തെ പൗരത്വനിയമത്തിനെതിരായ ഷഹീൻബാഗ് സമരത്തിനെതിരെയും ഇയാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 41 കർഷക സംഘടനകൾ ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ അതിജീവിച്ച് നടത്തുന്ന സമരം 46-ാം ദിവസം പിന്നിട്ടിരിക്കുകയാണ്.