ന്യൂഡൽഹി : രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വിമാനങ്ങളിൽ കൊവിഡ് വാക്സിൻ എത്തിക്കാൻ വിമാനക്കമ്പനികൾക്കായി കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മാർഗരേഖ പുറത്തിറക്കി.
വാക്സിൻ 2- 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ സൂക്ഷിക്കേണ്ടതിനാൽ മൈനസ് 8 നും മൈനസ് 70 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള ശീതികരണ സംവിധാനങ്ങൾ വിമാനങ്ങളിൽ സജ്ജമാക്കാനാണ് നിർദ്ദേശം.ഇതിനായി റഫ്രിജറേറ്റർ, ഡ്രൈ ഐസ് (കാർബൻ ഡൈഓക്സൈഡ് സോളിഡ്) എന്നിവ ഉപയോഗിക്കാം. റഫ്രിജറേറ്റർ വിമാനങ്ങളിൽ സജീകരിക്കാൻ കാലതാമസം എടുക്കുമെന്നതിനാൽ ഡ്രൈ ഐസ് തന്നെ ഉപയോഗിക്കാനാണ് നിർദ്ദേശം.വാക്സിൻ ഐസ് പാക്കുകളിലാക്കി ലോവർ ഡെക്കിലാണ് കൊണ്ടുപോകേണ്ടത്. പാസഞ്ചർ കാബിനിലാണ് കൊണ്ടുപോകുന്നതെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങളും അപകട സാദ്ധ്യതകളും മനസിലാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകിയിരിക്കണം.
മൈനസ് 78 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയാൽ ഡ്രൈ ഐസ് കാർബൻ ഡൈ ഓക്സൈഡ് വാതകമായി മാറും. അതിനാൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ചട്ടപ്രകാരം ഡ്രൈ ഐസ് വിമാനത്തിൽ കൊണ്ടുപാകാൻ വിലക്കുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഈ ചട്ടത്തിൽ ഇളവ് നൽകും. എന്നാൽ വിമാനത്തിൽ അപകടകരമായ കാർബൻഡൈ ഓക്സൈഡ് വാതകം പരക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡിറ്റക്ടറുകൾ സ്ഥാപിക്കണം. വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾക്കൊപ്പം യാത്രാ വിമാനങ്ങളും ഉപയോഗിക്കാനാണ് തീരുമാനം. പൂനെ സെൻട്രൽ ഹബ്ബിൽ നിന്ന് വിമാനങ്ങളിലാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിൽ വാക്സിന് എത്തിക്കുക. വാക്സിൻ കമ്പനികൾ പ്രത്യേകം രൂപകൽപ്പന ചെയ്ത കണ്ടെയ്നറുകളിലാണ് വാക്സിൻ കൊണ്ടുപോവുക. ഇതിൽ 24 മണിക്കൂറോളം നിശ്ചിത താപനിലയിൽ വാക്സിൻ സൂക്ഷിക്കാം.