farmers

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ വിശദീകരിക്കാൻ ഹരിയാനയിലും പഞ്ചാബിലും ബി.ജെ.പി സംഘടിപ്പിച്ച പരിപാടികൾക്കിടെ കർഷക രോഷം ആളിക്കത്തി. കർഷകസമരത്തെ അനുകൂലിക്കുന്നവർ വേദികൾ കൈയേറിയതോടെ ഇരുസ്ഥലത്തും സംഘർഷാവസ്ഥയായി. ഹരിയാനയിൽ കർഷകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പങ്കെടുക്കുന്ന കിസാൻ മഹാപഞ്ചായത്ത് പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ചടങ്ങിന്റെ സ്റ്റേജും ഖട്ടറിനിറങ്ങാനായി ഉണ്ടാക്കിയ ഹെലിപാഡും പ്രതിഷേധക്കാരിൽ ചിലർ തകർത്തു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരിപാടി റദ്ദാക്കി.

പുതിയ നിയമങ്ങളുടെ 'ഗുണഫലം' വിശദീകരിക്കാൻ കർണാലിലെ കൈമ്ല ഗ്രാമത്തിലാണ് സ്ഥലം ബി.ജെ.പി എം.എൽ.എയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ തടയുമെന്ന് കർഷകർ പ്രഖ്യാപിച്ചു. കരിങ്കൊടിയുമായെത്തിയ കർഷകർ ഖട്ടറിനെതിരെ മുദ്രാവാക്യം മുഴക്കി ട്രാക്ടർ മാർച്ചും കാർ, ബൈക്ക് റാലികളും നടത്തി. ഗ്രാമത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചു.
സമീപ ജില്ലകളിൽ നിന്നടക്കമുള്ള നാല് എസ്.പിമാരുടെയും 12ലധികം ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സുരക്ഷ ഒരുക്കിയിരുന്നു.
കർഷകരെ പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകൾ തകർത്ത് ചിലർ മുന്നോട്ടുപോയി. ചിലർ സ്റ്റേജിൽ കയറി കസേരയും ചെടിച്ചട്ടികളും തകർത്തു. ഗ്രാമത്തിലെ എല്ലാ റോഡുകളും കർഷകർ ഉപരോധിച്ചു. ഖട്ടറിന് വന്നിറങ്ങാനായി താത്കാലികമായുണ്ടാക്കിയ ഹെലിപാഡ് കൈയേറി കേടുപാടുകൾ വരുത്തി. എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും സംഘടിച്ചെത്തി.

ഏതു വിധേനെയും പരിപാടിയിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം ഖട്ടർ പറഞ്ഞിരുന്നു.

അതേസമയം സംഘ‌ർഷമുണ്ടാക്കിയത് കർഷകരാണെന്ന് കരുതുന്നില്ലെന്നും ഇടത്, കോൺഗ്രസ് പ്രവർത്തകരാണ് ക‌ർഷക പ്രതിഷേധത്തിന് പിന്നിലെന്നും മനോഹർലാൽ ഖട്ടർ പ്രതികരിച്ചു.

പഞ്ചാബിലെ ജലന്ധറിൽ നിയമങ്ങളെ അനുകൂലിച്ച് ബി.ജെ.പി റാലി സംഘടിപ്പിച്ചു. ഇതിനെ എതിർത്ത് കർഷകരും റാലിയുമായി എത്തിയതോടെയാണ് സംഘർഷമുണ്ടായത്.

 ഡൽഹി വളയും

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അതിശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയതലസ്ഥാനം പൂർണമായും വളയുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. നിലവിൽ സിംഘു, തിക്രി, ഗാസിപൂർ തുടങ്ങി അഞ്ച് അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭം ഡൽഹിയിലേയ്ക്കുള്ള എല്ലാ റോഡുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. 15ന് കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്നും കാർഷിക നിയമങ്ങൾ തെറ്റാണെന്ന് ബി.ജെ.പി സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. ഇതിനിടെ ജമ്മുകാശ്മീരിൽനിന്നുള്ള കർഷകർ ഹരിയാന അതിർത്തിയായ ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തി.