സിദ്ധിഖ് കാപ്പനെ മറന്നോ? ഹാഥ്രസ് കൂട്ടബലാത്സംഗ കേസ് റിർപ്പോട്ട് ചെയ്യാൻ പോകുന്നതിനിടെ യാത്രാമദ്ധ്യേ അറസ്റ്റിലാവുകയും പിന്നീട് രാജ്യദ്യോഹക്കുറ്റം ഉൾപ്പെടെ ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി ഘടകം സെക്രട്ടറി, മലയാളത്തിലെ പ്രമുഖ ഓൺലൈനിന്റെ പ്രതിനിധി. സിദ്ധിഖ് കാപ്പൻ തടവിലാക്കപ്പെട്ടിട്ട് നാല് മാസം പിന്നിടുന്നു. സ്വഭാവിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് മഥുര ജയിലിൽ കഴിയുന്ന സിദ്ധിഖിനെ ജയിൽ മോചിതനാക്കാൻ കഴിഞ്ഞ നാല് മാസമായി അദ്ദേഹത്തിന്റെ കുടുംബവും സംസ്ഥാനത്തെ പത്രപ്രവർത്തക സംഘടനയും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വാതിലിൽ വരെ മുട്ടുകയാണ്. സിദ്ധിഖിന്റെ മോചനത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ധിഖിന്റെ കുടുംബം ഇന്ന് (12ന്) സെക്രട്ടേറിയറ്റ് ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. കൂപ്പുകുത്തുന്ന രാജ്യത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ഒരു ഇര മാത്രമാണ് സിദ്ധിഖ് കാപ്പൻ. ഇതുപോലെ നൂറുകണക്കിന് മാദ്ധ്യമപ്രവർത്തകരെയാണ് നിയമങ്ങളുടെ ഊരാകുടുക്കിൽപ്പെടുത്തി രാജ്യം ജയിലിലടച്ചിരിക്കുന്നത്.
142 -ാം റാങ്കിൽ
ലോകത്തെ 180 രാജ്യങ്ങളിൽ റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സ് നടത്തിയ സർവേ പ്രകാരം 2020ലെ ലോക പ്രസ് ഫ്രീഡം ഇൻഡക്സിൽ 142ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്ക്. ഉത്തരകൊറിയയുടേയും ചൈനയുടേയുമൊക്കെ തൊട്ടടുത്ത്. സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേയും ഫിൻലാന്റും ഡെൻമാർക്കുമൊക്കെയാണ് മാദ്ധ്യമ സ്വാതന്ത്ര്യ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 2010 മുതലുള്ള കണക്കുകളെടുത്താൽ ഓരോ വർഷവും ഇന്ത്യ പിന്നിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണെന്നത് പകൽ പോലെ വ്യക്തം. 2010ൽ 122-ാം സ്ഥാനത്തായിരുന്നുവെങ്കിൽ 2013 , 14 കാലത്ത് അത് 140-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 2015ൽ 136 - ാം റാങ്കിലെത്തി 2016 ൽ 133 ലും. 2019 ൽ അത് 140 തിലും 2020 ആയപ്പോൾ 142 ലും എത്തിനിൽക്കുന്നു. രാഷ്ട്രീയവും ഭരണകൂടങ്ങളും ചേർന്ന് ഇന്ത്യയിലെ മാദ്ധ്യമസ്വാതന്ത്ര്യത്തെ അനുനിമിഷം കൊന്നുകൊണ്ടേയിരിക്കുകയാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ആർക്കൊപ്പം വേണമെങ്കിലും സ്വതന്ത്രമായി സഞ്ചരിച്ച് വാർത്തകളും വസ്തുതകളും കണ്ടെത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ നിലനിന്നിരുന്നു എന്നതിന് തെളിവാണ് കാട്ടുകള്ളൻ വീരപ്പനെയും എൽ.ടി.ടി. നേതാവ് വേലുപ്പിള്ള പ്രഭാകരനേയുമൊക്കെ ഒളിസങ്കേതങ്ങളിൽ ചെന്ന് അഭിമുഖങ്ങളെടുത്ത മാദ്ധ്യമപ്രവർത്തകർ ! എന്നാലിന്ന് നിരോധിത സംഘടനയിൽ പെട്ടവരല്ലാത്തവർക്കൊപ്പം യാത്ര ചെയ്തതിന് സിദ്ധിഖിനെ പോലുള്ളവർ ജയിലിൽ അയ്ടക്കപ്പെടുന്നു.
മനുഷ്യാവകാശത്തിന് എന്ത് വില!
തീവ്രവാദ കേസുകളിലടക്കം അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ലഭിക്കുന്ന നീതി പോലും രാജ്യത്ത് അറസ്റ്റിലാകുന്ന മാദ്ധ്യമപ്രവർത്തകർക്ക് ലഭിക്കുന്നതില്ലെന്നതാണ് അത്യന്തം വേദനാജനം. ഡി.കെ.ബസു - വെസ്റ്റ് ബംഗാൾ കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഒരാൾ അറസ്റ്റിലായാൽ അയാളുടെ ബന്ധുക്കളെ വിവരം അറിയിക്കുക, കോടതിയിൽ ഹാജരാക്കുക തുടങ്ങി അറസ്റ്റിലാകുന്നയാൾക്ക് അനുവദിച്ച് നൽകേണ്ടി അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഈ നീതിയെല്ലാം പേപ്പറിലുറങ്ങുകയാണ്. സുപ്രീംകോടതിയിൽ അടക്കം നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ധിഖിനെ കാണാൻ പോലും അഭിഭാഷകരെ അനുവദിച്ചത്.
നീളുന്ന ലിസ്റ്റുകൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായ രാജ്യത്തെ ഏതാനും മാദ്ധ്യമപ്രവർത്തകരുടെ കേസുകൾ പരിശോധിച്ചാൽ മനസിലാകും മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ തട്ട് എത്രത്തോളം കീഴ്പോട്ട് പോയിട്ടുണ്ടെന്ന്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ കൊവിഡ് ക്വാറന്റെയിൻ സെന്ററിലെ അന്തേവാസികൾക്ക് മോശം ഭക്ഷണം വിതരണം ചെയ്തെന്ന് റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ ടുഡേ 24 ന്യൂസ് പോർട്ടലിലെ ജേർണലിസ്റ്റ് രവീന്ദ്ര സക്സേന,
ഉത്തർപ്രദേശിലെ ഡിയോറയയിലെ ജില്ലാ ആശുപത്രിയിൽ മാതാവ് ചികിൽസയിലിരിക്കെ, വനിതാ വാർഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തറ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ട് ജയിലാക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ അമിതാഭ് റാവത്ത്, കുട്ടികൾക്ക് ഉച്ചഭക്ഷണമായി 'നമക് റൊട്ടി' (ഉപ്പും റൊട്ടിയും) വിതരണം ചെയ്ത ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ട് ജയിലിലായ മാദ്ധ്യമ പ്രവർത്തകൻ പവൻ കുമാർ ജയ്സ്വാൾ, പ്രധാനമന്ത്രിയെ സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന് അറസ്റ്റിലായി മാസങ്ങളോളം ജാമ്യം കിട്ടാതെ ജയിലിൽ കിടന്ന പ്രശാന്ത് കനോജിയ തുടങ്ങി മാദ്ധ്യമ സ്വാതന്ത്യത്തിനെതിരായ കടന്ന് കയറ്റത്തിന് ഉദാഹരണങ്ങളായി നിരവധി പേർ. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന് ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ രണ്ട് ചാനലുകൾക്ക് പ്രവർത്താനാനുമതി നിഷേധിച്ചതും കഴിഞ്ഞവർഷം മലയാളികൾ കണ്ടതാണ്. ഇങ്ങനെ കേസുകളുടെ പട്ടിക നീണ്ടുകൊണ്ടേയിരിക്കുന്നു.
നീതിക്കായി ലോക മാദ്ധ്യമസംഘടനകൾ
രാജ്യദ്രോഹക്കുറ്റം ചുമത്തി മാദ്ധ്യമപ്രവർത്തകരെ നിശബ്ദരാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഒഫ് ജേണലിസ്റ്റ്, ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംഘടനകൾ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞ ഒക്ടോബർ 22ന് കത്തയച്ചതിന് സാക്ഷിയാകേണ്ടി വന്നതും ഇന്ത്യ എന്ന 'ജനാധിപത്യ' രാജ്യത്ത് ശ്രദ്ധേയമാണ്. വിഖ്യാത തത്വജ്ഞാനിയും അമേരിക്കയുടെ മുൻ പ്രസിഡന്റുമായിരുന്ന തോമസ് ജെഫേർസൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ''എവിടെയാണോ മാദ്ധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അവിടെ സ്വതന്ത്രമായ വായനയുണ്ടായിരിക്കും, അവിടെ എല്ലാം ഭദ്രമായിരിക്കുമെന്ന് ''. ഈ കെട്ടകാലത്ത് പ്രതീക്ഷയുടെ ആ നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.