ന്യൂഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് രാജ്യത്ത് ആറു പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ പുതിയ വൈറസ് രോഗബാധിതരുടെ എണ്ണം 96 ആയി.
അതേസമയം രാജ്യത്ത് തുടർച്ചയായി പ്രതിദിന കൊവിഡ് കേസുകളും മരണവും കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,311 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 161 പേർ മരിച്ചു. 229 ദിവസത്തിനുശേഷമാണ് പ്രതിദിന മരണസംഖ്യ 170ന് താഴെയാകുന്നത്.
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.25 ലക്ഷമായി കുറഞ്ഞു. ആകെ രോഗബാധിതരുടെ 2.13 ശതമാനം മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,959 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.43 ശതമാനമായി വർദ്ധിച്ചു. കേരളത്തിലാണ് പ്രതിദിന രോഗികളും രോഗമുക്തരും കൂടുതൽ.