bird-flu

ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഇന്നലെ മഹാരാഷ്ട്ര, ഡൽഹി ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു.പി സംസ്ഥാനങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത്.

ഡൽഹിയിൽ മയൂർവിഹാർ ഫേസ് 3, സഞ്ജയ് ലേക്ക്, ദ്വാരക എന്നിവിടങ്ങളിൽ ചത്ത കാക്കകളിലും താറാവുകളിലുമാണ് രോഗബാധ കണ്ടെത്തിയത്.
സഞ്ജയ് ലേക്കിലെയും ‌ഹോസ്‌കാസിലെയും ദ്വാരക സെക്ടർ 9ലെയും പാർക്കുകൾ അടച്ചു.

മഹാരാഷ്ട്രയിലെ ബീഡ്, താനെ, മുംബയ് എന്നിവിടങ്ങളിൽ ചത്തുവീണ കാക്കകളിലും പ്രഭാനി ജില്ലയിൽ കോഴിഫാമിലും രോഗബാധ കണ്ടെത്തി. ലാത്തൂരിലെ അഹമ്മദ്പുർ മേഖലയിൽ 180ഓളം പക്ഷികൾ ചത്തു.
ഇവിടെ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, കോടഡ്വാർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 200ഓളം പക്ഷികളെ ചത്തനിലയിൽ കണ്ടെത്തി.

രാജസ്ഥാനിലെ ഭിൽവാര, കരൗളി,ടോങ്ക്, ഗുജറാത്തിലെ വൽസാദ്, വഡോദര, സൂറത്ത് ജില്ലകളിലും കാക്കകളും ദേശാടനപക്ഷികളും ചത്തു.
ഹരിയാനയിൽ രോഗബാധിത മേഖലകളിലെ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. ഹിമാചൽപ്രദേശിൽ കേന്ദ്രസംഘം പരിശോധന നടത്തുകയാണ്. തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശിച്ചു. രോഗം മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം ഒഴിവാക്കാൻ കടുത്ത ജാഗ്രതപുലർത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.