sc-of-india


സമയം - രാവിലെ 10.30

കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സാമ്യൂഹ്യ പ്രവർത്തകൻ മനോഹർലാൽ ശർമ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളും കർഷകരെ ഡൽഹി അതിർത്തിയിലെ റോഡുകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ.

ചീഫ് ജസ്റ്റിസ് - കർഷക സമരം സർക്കാർ നേരിട്ട രീതി അത്യന്തം നിരാശാജനകം.നിയമം കൊണ്ടുവരുന്നതിന്
മുൻപ് എന്ത് കൂടിയാലോചനയാണ് നടത്തിയത്.പല സംസ്ഥാനങ്ങളും നിയമത്തെ എതിർത്തിരുന്നല്ലോ! കഴിഞ്ഞ തവണ കേന്ദ്ര സർക്കാർ അറിയിച്ചത് അനുനയ ചർച്ചകൾ നടക്കുന്നുവെന്നാണ്. സ്ഥിതിഗതികൾ അതേപോലെ നിലനിൽക്കുന്നു.

അറ്റോർണി ജനറൽ (കേന്ദ്രസർക്കാരിനായി)​ - എ.പി.എം.സി. പദ്ധതിയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റി കർഷകർക്ക് നേരിട്ട് വിപണിയൊരുക്കാനുള്ള നീക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദഗ്ദ്ധ സമിതിനിർദേശിച്ചതാണ്.

ചീഫ് ജസ്റ്റിസ് - ഈ ന്യായം സർക്കാരിനെ രക്ഷിക്കില്ല. കർഷകരുമായി എന്ത് സമവായമാണ് നടന്നതെന്ന് വ്യക്തമാക്കണം. കേന്ദ്രം നിയമം നടപ്പിലാക്കുമെന്ന് ഉറച്ചുനിന്നാൽ പ്രശ്നം വിദഗ്ദ്ധ സമിതിക്ക് വിടും.നിയമം നടപ്പിലാക്കുമെന്ന് എന്തിനാണ് ശഠിക്കുന്നത്

സോളിസിറ്റർ ജനറൽ തുഷാർ മേത്ത (കേന്ദ്രസർക്കാരിനായി)​ - ഭൂരിഭാഗം കർഷക സംഘടനകളും നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ എന്തിന് നിയമത്തെ എതിർക്കണം.

ചീഫ് ജസ്റ്റിസ് - നിയമത്തെ സ്വാഗതം ചെയ്തുള്ള ഒരു ഹ‌ർജിയും എത്തിയിട്ടില്ല.നിയമം നിങ്ങൾ മരവിപ്പിച്ചില്ലെങ്കിൽ കോടതി മരവിപ്പിക്കും. സ്ഥിതിഗതികൾ മോശമായികൊണ്ടിരിക്കുകയാണ്. അതിശൈത്യത്തിൽ വലയുകയാണ് കർഷകർ. അവ‌ർ ആത്മഹത്യചെയ്യുന്നു.
വൃദ്ധരെയും സ്ത്രീകളെയും ഈ കഷ്ടപ്പാടിന് നടുവിലെത്തിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
രക്തചൊരിച്ചിൽ അനുവദിക്കാനികില്ല. അനിഷ്ട സംഭവങ്ങളുണ്ടായാൽ എല്ലാവരും കുറ്റക്കാരാണ്.
ഇന്നൊരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു,​ കോടതിയ്ക്ക് നിയമനിർമ്മാണത്തിൽ ഇടപെടാൻ കഴിയില്ലെന്ന്. പറയുന്നതിൽ വിഷമമുണ്ട്,​ നിങ്ങൾ വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന നിയമമാണ് ഇന്ന് തെരുവുയുദ്ധത്തിൽ എത്തിനിൽക്കുന്നത്. ഈ പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാനും കഴിയില്ല.
അറ്റോർണി ജനറൽ - അതിക്രമങ്ങൾ അവസാനിക്കാൻ കർഷകരോട് നിർദേശിക്കണം
അഭിഭാഷകൻ ദുഷ്യന്ത് ദവേ (കർഷകർക്കായി)​ - ‌ഞങ്ങൾ 26ന് ട്രാക്ടർ റാലി നടത്തില്ല.
അറ്റോർണി ജനറൽ - റാലി ഉപേക്ഷിച്ച കാര്യം എഴുതി നൽകണം
ദുഷ്യന്ത് ദവേ- കർഷകർ റിപ്ലബ്ജിക് ദിനത്തിലെ പരിപാടികൾ അലങ്കോലപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവരുടെ വീട്ടിൽ ഓരാളെങ്കിലും സേനയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസ് - ട്രാക്ടർ റാലി ഉപേക്ഷിച്ചത് നല്ലത്.

അഭിഭാഷകൻ എച്ച്.എസ്. ഫുൽക്ക് (പഞ്ചാബിലെ കർഷകർക്കായി)​- പഞ്ചാബിലെ ഗ്രാമത്തിൽ നിന്ന് നാൽപത് ട്രോളികളിൽ വൃദ്ധരായ കർഷകർ നീതി തേടിയെത്തിയിരുന്നു. ഹരിയാന മുഖ്യമന്ത്രി അവരെ ഖാലിസ്ഥാൻ തീവ്രവാദികളെന്നും നക്സലുകളെന്നും വിളിച്ച് അപമാനിച്ചു. അവരിൽ പലരും സൈനിക സേവനം അനുഷ്ഠിച്ചവരും സൈനികരുടെ മാതാപിതാക്കളുമാണ്

ചീഫ് ജസ്റ്റിസ് - അവരുടെ വികാരം മനസിലാക്കുന്നു. കൊവിഡിലും അതിശൈത്യത്തിലും കഷ്ടപ്പെടാതെ അവരോട് തിരികെപോകാൻ ആവശ്യപ്പെടൂ.

കമ്മറ്റി അദ്ധ്യക്ഷനാകാൻ ഏതെങ്കിലും മുൻ ചീഫ് ജസ്റ്റിസിന്റെ പേര് നിർദേശിക്കാനുണ്ടോ?​‌ കർഷകൻ കൂടിയായ ജസ്റ്റിസ് സദാശിവത്തോട് ഞങ്ങൾ ആരാഞ്ഞിരുന്നു. അദ്ദേഹത്തിന് ഹിന്ദി മനസിലാക്കുന്നതിൽ ബുദ്ധിമുട്ടെന്ന് അറിയിച്ചു

ദുഷ്യന്ത് ദവെ- മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോദ
സോളിസിറ്റർ ജനറൽ - ഒരു ദിവസത്തെ സാവകാശം വേണം

ചീഫ് ജസ്റ്റിസ് - ഇന്നത്തേക്ക് പിരിയുന്നു. നാളെ ഉത്തരവ് പ്രഖ്യാപിക്കും
അറ്റോ‌ർണി ജനറൽ- അടിയന്തരമായി ഉത്തരവ് പ്രഖ്യാപിക്കുരുത്
ചീഫ് ജസ്റ്റിസ് - എന്തുകൊണ്ട് പാടില്ല. തിടുക്കത്തെ കുറിച്ച് ഞങ്ങൾക്ക് ക്ലാസ് എടുക്കരുത്.ആവശ്യത്തിൽ അധികം സമയം നൽകി കഴി‌ഞ്ഞു. എപ്പോൾ ഉത്തരവിറക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇന്നും നാളെയുമായി ഉത്തരവുണ്ടാകും