ന്യൂഡൽഹി: ഓക്സ്ഫോഡ് സർവകലാശാലയും അസ്ട്രസെനക്ക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് വാങ്ങാൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസർക്കാർ കരാറുണ്ടാക്കി. ഒരു ഡോസിന് 200 രൂപ നിരക്കിൽ 10 കോടി ഡോസ് വാക്സിനാണ് വാങ്ങുക.
ആദ്യഘട്ടമായി 1.1 കോടി ഡോസുകൾക്ക് കേന്ദ്രസർക്കാർ ഓർഡർ നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് മുതൽ വാക്സിനുകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങിലേക്ക് അയച്ചുതുടങ്ങും. ജനുവരി 16നാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. സീറം ഇൻസിറ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന പൂനെയാണ് വാക്സിൻ വിതരണത്തിൻറെ പ്രധാന ഹബ്ബ്. ഇവിടത്തെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്താവളത്തിൽ നിന്ന് വാക്സിനുകൾ ഡൽഹി, ഹരിയാനയിലെ കർണാൽ, കൊൽക്കത്ത, ബംഗാൾ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെത്തിച്ച് സംഭരിക്കും. സംസ്ഥാനങ്ങളിൽ വിതരണത്തിന് യാത്രാ, വ്യോമസേനാ വിമാനങ്ങളും ഉൾപ്രദേശങ്ങളിലേക്ക് ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും.
ഇന്ത്യയിൽ തദ്ദേശീയമായി ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ട്. കൊവാക്സിൻറെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.