-strike

ന്യൂഡൽഹി: കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്താലും നിയമം പൂർണമായും റദ്ദാക്കുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ലഭിക്കാതെ കർഷക സമരം അവസാനിപ്പിക്കില്ലെന്ന് സൂചന. സമരം തുടരുന്ന കാര്യത്തിൽ ഔദ്യോഗിക നിലപാട് സുപ്രീംകോടതി ഉത്തരവ് വന്നശേഷം സംയുക്ത കിസാൻ മോർച്ച യോഗം ചേർന്ന് പ്രഖ്യാപിക്കും.

നിയമങ്ങൾ മരവിപ്പിക്കാനുള്ള സുപ്രീംകോടതി ഇടപെടൽ ധാർമികവിജയമാണെന്ന് കർഷകർ വിലയിരുത്തുന്നുണ്ട്. എന്നാൽ തൽക്കാലം രക്ഷപ്പെടാനുള്ള വഴിയായി സുപ്രീംകോടതി ഉത്തരവിനെ കേന്ദ്രം ഉപയോഗിക്കുമെന്നാണ് കർഷക നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച കേന്ദ്രവും കർഷകനേതാക്കളും തമ്മിലുള്ള ചർച്ച നിർണായകമാവും. ചർച്ച വീണ്ടും പാളിയാൽ പ്രക്ഷോഭം തുടരും.

കേന്ദ്രസർക്കാരിനെതിരായ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നതായി ഹരിയാനയിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചൗദുനി പറഞ്ഞു. സ്റ്റേ കുറച്ച് കാലത്തേക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ റദ്ദാക്കുകയാണ് സുപ്രീംകോടതി ചെയ്യേണ്ടതെന്ന് കർഷക നേതാവ് ഭോഗ് സിംഗ് മൻസ പറഞ്ഞു.
നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയതെന്നും ‌വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പഞ്ചാബ് കിസാൻ യൂണിയൻ നേതാവ് റുൾദു സിംഗ് മൻസ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് വന്നശേഷമേ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുകയുള്ളൂവെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻപാൽ അറിയിച്ചു.

കൂടുതൽ കർഷകർ ഡൽഹിയിലെത്തി

ലോഹ്റി ആഘോഷദിനമായ നാളെ എല്ലാ ഗ്രാമങ്ങളിലും കാർഷികനിയമങ്ങൾ കത്തിച്ചു പ്രതിഷേധിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ഇന്നലെ ഡൽഹിയിലെത്തി. കേരളത്തിൽ നിന്നു പുറപ്പെട്ട 500 കർഷകരും ഉടൻ സമരകേന്ദ്രത്തിലെത്തും.

ഐ.എൻ.എൽ.ഡിയുടെ എക എം.എൽ.എ അഭയ് ചൗട്ടാല ഹരിയാന സ്പീക്കർക്ക് രാജിക്കത്ത് നൽകി. ജനുവരി 26ന് മുൻപ് പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കിയില്ലെങ്കിൽ തന്റെ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെ കത്ത് നൽകിയത്. മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ കൊച്ചുമകനാണ് അഭയ് ചൗട്ടാല.