ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ സംബന്ധിച്ച നിലപാടുകളിൽ കർഷക സംഘടനകളും കേന്ദ്രസർക്കാരും ഉറച്ചുനിൽക്കേ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയം പഠിക്കാൻ നാലംഗ വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചു.നിയമങ്ങൾ സ്റ്റേ ചെയ്തതിനെ സ്വാഗതം ചെയ്ത കർഷകർ പക്ഷേ, വിദഗ്ദ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സമരം വ്യാപകമാക്കുമെന്നും ജനുവരി 26ലെ ട്രാക്ടർ റാലി നടത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല. അതേസമയം, വിദഗ്ദ്ധ സമിതിയെ സ്വാഗതം ചെയ്യുന്ന സർക്കാർ, നിയമങ്ങൾ പിൻവലിക്കുന്നതിനോട് യോജിക്കുന്നില്ല. സ്റ്റേയുടെ സാഹചര്യത്തിലും പ്രശ്നപരിഹാരത്തിനു വഴിതെളിയാത്ത വിഷമസന്ധിയിലായി, ഇതോടെ കാർഷിക നിയമ വിവാദം.
അശോക് ഗുലാത്തി (കാർഷിക ശാസ്ത്രജ്ഞൻ), ഡോ. പ്രമോദ് കുമാർ ജോഷി (രാജ്യാന്തര നയരൂപീകരണ വിദഗ്ദ്ധൻ),ഭൂപിന്ദർസിംഗ് മാൻ (ഭാരതീയ കിസാൻ യൂണിയൻ ദേശീയ അദ്ധ്യക്ഷൻ, ഓൾ ഇന്ത്യ കിസാൻ കോഓർഡിനേഷൻ കമ്മിറ്റി അംഗം), അനിൽ ഗൻവാദ് (ഷെത്കാരി സംഘട്ടൻ, മഹാരാഷ്ട്ര) എന്നിവരാണ് വിദഗ്ദ്ധ സമിതി അംഗങ്ങൾ. പത്തു ദിവസത്തിനകം കർഷകരുമായി ആദ്യ സിറ്റിംഗ് ഡൽഹിയിൽ നടത്താനും, രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.
എട്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. കാർഷിക നിയമങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകൻ മനോഹർലാൽ ശർമ, ഡി.എം.കെ എം.പി തിരുച്ചി ശിവ, ആർ.ജെ.ഡി എം.പി മനോജ് കെ. ഝാ എന്നിവരടക്കമുള്ളവരുടെ ഹർജികളിലാണ് ഇടക്കാല ഉത്തരവ്.രാവിലെ പതിനൊന്നിന് കേസ് പരിഗണിക്കവെ, നിയമങ്ങൾ പിൻവലിക്കാതെ വിദഗ്ദ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകരുടെ അഭിഭാഷകൻ എം.എൽ. ശർമ അറിയിച്ചു. കർഷകരുടെ ഭൂമി നഷ്ടപ്പെടില്ലെന്നും, കരാർ കൃഷിക്കായുള്ള സ്ഥലം വിൽപ്പന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിക്കാം. കർഷക സംഘടനാ പ്രതിനിധികൾക്കും സർക്കാരിനും വാദം അവതരിപ്പിക്കാം. യഥാർത്ഥ ചിത്രം കോടതിക്ക് മനസിലാക്കണം. സമിതിക്കു മുമ്പാകെ ഹാജരാകില്ലെന്ന ഹർജിക്കാരുടെ വാദം കേൾക്കേണ്ട. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന ഹർജിക്കാരുടെ ആവശ്യം നിരസിച്ചു. കേസിൽ പ്രധാനമന്ത്രി കക്ഷിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവിലെ നിർദേശങ്ങൾ