ന്യൂഡൽഹി :സി.ബി.ഐ അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മേത്ത ഹാജരാകാത്തതിനെത്തുടർന്ന് ലാവ്‌ലിൻ കേസ് സുപ്രീംകോടതി അടുത്ത മാസം 23ലേക്ക് മാറ്റി. ഇരുപതാം തവണയാണ് കേസ് മാറ്റുന്നത്.
ഇന്നലെ ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ച് കേസെടുത്തപ്പോഴാണ് തുഷാർ മേത്ത കർഷക സമരവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വാദത്തിലാണെന്ന് അറിയിച്ചത്. ഇതോടെ കേസ് മാറ്റുകയായിരുന്നു.
കേരള സർക്കാരിന് വേണ്ടി ജി. പ്രകാശ് ഹാജരായി. ഹൈക്കോടതി തള്ളിയ കേസിൽ വിശദമായി വാദം കേൾക്കണമെങ്കിൽ തക്കതായ രേഖകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ വർഷം ഒക്ടോബർ 8ന് സി.ബി.ഐയെ അറിയിച്ചിരുന്നു. തുടർന്ന് രേഖകൾ ഹാജരാക്കാൻ ഒക്ടോബർ 15ന് അധിക സമയവും സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഇനിയും ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതി മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, എട്ടാം പ്രതി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.