ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരിൽ 54 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും ആണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 63,000ത്തിലേറെയും മഹാരാഷ്ട്രയിൽ 53,000ത്തിലേറെയും രോഗികൾ ചികിത്സയിലുണ്ട്.
രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2,16,558 ആയി കുറഞ്ഞു. ഇത് ആകെ രോഗബാധിതരുടെ 2.07 ശതമാനം മാത്രമാണ്. ആശുപത്രിയിൽ ചികിത്സയിലുള്ളത് 44 ശതമാനം. മറ്റുള്ളവർ ഹോം ഐസൊലേഷനിലാണ്. 25 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ 5000ത്തിൽ താഴെയാണ് കൊവിഡ് രോഗികളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,584 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 167 പേർ മരിച്ചു. 18,385 പേർ രോഗമുക്തരായി.
ഏഴ് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000ത്തിൽ താഴെയാവുന്നത്. ജൂൺ 18ന് 12,881 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മുക്തരുടെ എണ്ണം 1.01 കോടി കടന്നു. രോഗമുക്തി നിരക്ക് 96.49 ശതമാനം. ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 96 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.