ന്യൂഡൽഹി : റേഡിയേഷൻ പ്രതിരോധിക്കാൻ ചാണക ചിപ്പ് ഇറക്കിയതിന് പിന്നാലെ പശുവിന്റെ ചാണകം കൊണ്ട് നിർമ്മിച്ച പെയിന്റ് കേന്ദ്ര സർക്കാർ വിപണിയിൽ ഇറക്കി. കേന്ദ്രസർക്കാരിന്റെ ഖാദി, ഗ്രാമീണ വ്യവസായ കമ്മിഷനാണ് ഇതിന് പിന്നിൽ. പെയിന്റിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു.
'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് പേര്. ഡിസ്റ്റെംപർ പെയിന്റ് (ലിറ്ററിന് 120 രൂപ) , പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് (ലിറ്ററിന് 225 രൂപ) എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ ഖാദി പ്രാകൃതിക് പെയിന്റ് ലഭ്യമാണ്.
പരിസ്ഥിതി സൗഹൃദ വിഷമുക്തമായ പെയിന്റ് ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.ചാണകം മുഖ്യഘടകമായതിനാലാണ് വിലക്കുറവ്. മണം ഇല്ലാത്തതാണ് മറ്റൊരു പ്രത്യേകത.ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം തുടങ്ങിയ വസ്തുക്കളിൽ നിന്ന് വിമുക്തമാണ് പെയിന്റ്. ജയ്‌പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പെയിന്റ് വികസിപ്പിച്ചത്.
ഇന്ത്യൻ ബ്യൂറോ ഒഫ് സ്റ്റാൻഡേർഡ്‌സിന്റെ അംഗീകാരമുണ്ടെന്നും പശു വളർത്തുന്നവർക്കും ഗോശാല ഉടമകൾക്കും വർഷം 30,000 രൂപ ഇത്തരത്തിൽ സമ്പാദിക്കാമെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.2019ൽ ചാണകം കൊണ്ടു നിർമ്മിച്ച ഖാദിയുടെ സോപ്പ് ഗഡ്കരി പുറത്തിറക്കിയിരുന്നു.