ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് 16ന് ആരംഭിക്കാനിരിക്കെ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു തുടങ്ങി. ഇന്നലെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ വിമാനങ്ങളിലായി 56.5 ലക്ഷം ഡോസ് വാക്സിനുകൾ പൂനെയിൽ നിന്ന് 13 നഗരങ്ങളിലെത്തിച്ചു. കൊൽക്കത്തയിലാണ് ഏറ്റവും കൂടുതൽ എത്തിയത് - 9,96,000 ഡോസ്. കുറവ് ചണ്ഡീഗഡിൽ - 2,28,000 ഡോസ്.
ജനുവരി 14നകം എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ പുലർച്ചെ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിനുമായുള്ള ആദ്യ ബാച്ച് ട്രക്കുകൾ പ്രത്യേക പൂജയ്ക്ക് ശേഷമാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
ഡൽഹിയിൽ ആദ്യ ബാച്ചായി 2.64 ലക്ഷം ഡോസ് വാക്സിനാണ് സ്പൈസ് ജെറ്റ് വിമാനത്തിൽ രാവിലെ എത്തിയത്. ഇത് പ്രത്യേക വാഹനത്തിൽ സംഭരണ കേന്ദ്രമായ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വൈകിട്ടോടെ മാറ്റി. ഗുജറാത്തിലെ അഹമ്മദാബാദിൽ 2.76 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇവിടെയും പ്രത്യേക പൂജ നടന്നു
പഞ്ചാബിൽ 2.04 ലക്ഷം ,ഹൈദരാബാദിൽ 3,72,000, ആന്ധ്രയിലെ വിജയവാഡയിൽ 4,08,000 , ഒഡിഷയിലെ ഭുവനേശ്വറിൽ 4,80,000 , അസമിലെ ഗുവാഹത്തിയിൽ 2,76,000 , കർണാടകയിലെ ബംഗളുരുവിൽ 6,48,000 , ബീഹാറിലെ പാറ്റ്നയിൽ 5,52,000 യു.പിയിലെ ലക്നൗവിൽ 2,64,000, ചെന്നൈയിൽ 7,08,000 ഡോസ് വാക്സിനുകളും എത്തിച്ചു.