ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത നടപടി സ്വാഗതാർഹമാണെങ്കിലും നിയമങ്ങൾ പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ. സുപ്രീംകോടതി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുമായി സഹകരിക്കില്ല. സമിതിയിലെ അംഗങ്ങൾ കേന്ദ്രസർക്കാർ അനുകൂലികളാണെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
ശാശ്വതമായ പ്രശ്നപരിഹാരമാണ് വേണ്ടെതെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. ഇപ്പോഴത്തെ സ്റ്റേ നീക്കി ഏതു സമയത്ത് വേണമെങ്കിലും നിയമം പുനഃസ്ഥാപിക്കാം.
സമിതി അംഗങ്ങൾ എല്ലാവരും കാർഷിക നിയമങ്ങളെ പിന്തുണച്ചവരാണ്. സമിതി രൂപീകരണത്തിൽ പോലും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് ഉദാഹരണമാണിത്. നിയമങ്ങൾ പൂർണമായും പിൻവലിക്കുകയാണ് വേണ്ടത്. കർഷകരും ജനങ്ങളും നിയമങ്ങളെ എതിർക്കുകയാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടാകണം. സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.
സമിതിയെ അംഗീകരിക്കില്ലെന്ന് പഞ്ചാബിലെ കർഷക സംഘടനകളും വ്യക്തമാക്കി. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കമ്മിറ്റി. അംഗങ്ങളെ മാറ്റിയാലും സമിതിക്ക് മുന്നിൽ ഹാജരാകില്ല. പൂർണമായും നിയമം റദ്ദാക്കുക എന്നതാണ് ആവശ്യമെന്നും സുപ്രീംകോടതി വഴി സമിതി രൂപീകരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ആരോപിച്ചു.
ട്രാക്ടർ റാലി നടത്തും
റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ പരേഡ് അടക്കം നേരത്തെ പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. സമരം അനിശ്ചിതകാലത്തേക്കാണ്. ട്രാക്ടർ മാർച്ച് സമാധാനപരമായിരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രജേവാൾ പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതിയിലെ അംഗങ്ങൾ വിശ്വസനീയരല്ലെന്നും അദ്ദേഹം പറഞ്ഞു. ലോഹ്റി ആഘോഷദിനമായ ഇന്ന് ഗ്രാമങ്ങളിൽ കാർഷികനിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കും.
നിരോധിത സംഘടനകളെ
ചാരി സർക്കാർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തെ
നിരോധിത സംഘടനകൾ സഹായിക്കുന്നവെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോട് ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ തീവ്രവാദികൾ സമരക്കാരെ സഹായിക്കുന്നുണ്ടെന്നും കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും വൻ പിന്തുണ കർഷകർക്ക് ലഭിക്കുന്നുവെന്നും അറ്റോർണി ജനറൽ അറിയിച്ചു. ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇന്ന് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.ഐ.ബി. റിപ്പോർട്ടുകളും സത്യവാങ്മൂലവും സമർപ്പിക്കാമെന്ന് എ.ജി. മറുപടി നൽകി.
ട്രാക്ടർ റാലി തടണം
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി ഒഴിവാക്കാൻ കർഷകർക്ക് നിർദേശം നൽകണമെന്ന് സമരത്തിനെതിരെയുള്ള ഹർജിയിൽ ഹാജരായ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു. രാംലീല മൈതാനത്തിലേക്ക് പ്രതിഷേധം മാറ്റാൻ അനുവദിക്കണമെന്ന് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗും ആവശ്യപ്പെട്ടു. അതിന് ഡൽഹി പൊലീസ് കമ്മിഷണറിൽ നിന്ന് അനുമതി തേടാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച ഹർജി എ.ജി. ഓർമ്മിപ്പിച്ചു. കോടതി നോട്ടീസ് നൽകുമെന്നും തിങ്കളാഴ്ച വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കർഷക സമരം നാൾ വഴികൾ
ജൂൺ 5 - പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസായി കേന്ദ്രം കൊണ്ടുവന്നു. എതിർപ്പുമായി കർഷക സംഘടനകൾ. വ്യാപക പ്രതിഷേധം
സെപ്തംബർ 17 - നിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഏക കേന്ദ്രമന്ത്രി ഹർസീമ്രത് കൗർ രാജിവച്ചു.
സെപ്തംബർ 20 - പുതിയ നിയമങ്ങൾ പാർലമെന്റ് പാസാക്കി
സെപ്തംബർ 24 - പഞ്ചാബിൽ ട്രെയിൻ തടയൽ സമരം തുടങ്ങി
സെപ്തംബർ 26 - ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടു
സെപ്തംബർ 27 - നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം.
നവംബർ 3 - രാജ്യവ്യാപകമായി പ്രതിഷേധം, റോഡ് തടയൽ സമരം
നവംബർ 26 - ഡൽഹി ചലോ പ്രക്ഷോഭത്തിന് തുടക്കം. ട്രാക്ടറുകളും ട്രോളികളുമായി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഡൽഹിയിലേക്ക് റാലി തുടങ്ങി.
നവംബർ 27- ഡൽഹി അതിർത്തിയിൽ കർഷകരെ പ്രവേശിപ്പിച്ചു. സിംഘുവിലും തിക്രിയിലും കർഷകർ റോഡ് ഉപരോധം തുടങ്ങി.
ബുറാഡി മൈതാനത്തേക്ക് മാറണമെന്ന കേന്ദ്രനിർദ്ദേശം കർഷകർ തള്ളി
നവംബർ 29- നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്
നവംബർ 30- കർഷക സമരത്തിൽ ഖലിസ്ഥാൻ അനുകൂലികളുണ്ടെന്ന ആരോപണവുമായി ചില ബി.ജെ.പി നേതാക്കൾ
ഡിസംബർ 1- കർഷക നേതാക്കളും കേന്ദ്രസർക്കാരും തമ്മിലുള്ള ആദ്യ ചർച്ച , വിദഗ്ദ്ധസമിതി രൂപീകരിക്കാമെന്ന് കേന്ദ്രം, നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ. ചർച്ച പാളി
ഡിസംബർ 3, 5 - വീണ്ടും ചർച്ച ധാരണയാവാതെ പിരിഞ്ഞു
ഡിസംബർ 8 - കർഷകരുടെ ഭാരത് ബന്ദ്. അമിത് ഷായുമായുള്ള കർഷക നേതാക്കളുടെ യോഗവും പരാജയപ്പെട്ടു
ഡിസംബർ 9 - പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. താങ്ങുവില എഴുതി നൽകാമെന്നതടക്കമുള്ള
കേന്ദ്രസർക്കാരിന്റെ ശുപാർശകൾ കർഷക സംഘടനകൾ തള്ളി
ഡിസംബർ 16 - ചർച്ചയ്ക്ക് സമിതിയെന്ന നിർദ്ദേശവുമായി സുപ്രീംകോടതി
ഡിസംബർ 26- പുതിയ നിയമങ്ങൾ റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക തുടങ്ങി നാലിന നിർദ്ദേശം മുന്നോട്ടുവച്ച് കർഷകർ
ഡിസംബർ 27- മോദിയുടെ മൻകി ബാത്ത് പരിപാടിയിൽ പാത്രം കൊട്ടി പ്രതിഷേധിച്ച് കർഷകർ
ഡിസംബർ 30- വീണ്ടും ചർച്ച. തലസ്ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ചുമത്തുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം
ജനുവരി 4,8- പുതിയ നിയമങ്ങൾ റദ്ദാക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രം, ചർച്ചകൾ അലസി
ജനുവരി -11 - കർഷക സമരം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ജനുവരി 12- മൂന്ന് പുതിയ നിയമങ്ങളും സ്റ്റേ ചെയ്ത്, ചർച്ചയ്ക്കായി നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി ഉത്തരവ്.