രണ്ട് ഡോസ് വാക്സിൻ: ഇടവേള 28 ദിവസം
ന്യൂഡൽഹി: കൊവിഷീൽഡും, കൊവാക്സിനും സുരക്ഷിതമായ കൊവിഡ് പ്രതിരോധ വാക്സിനുകളാണെന്നും,രണ്ട് വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള 28 ദിവസമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
രണ്ടാമത്തെ ഡോസ് വാക്സിനും കുത്തിവച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാവും ഫലപ്രാപ്തി പ്രകടമായി തുടങ്ങുക. ഏത് വാക്സിൻ ഉപയോഗിക്കണമന്ന കാര്യത്തിൽ ജനങ്ങൾക്ക് തീരുമാനമെടുക്കാനാവില്ല .
കൊവിഷീൽഡ് വാക്സിൻ ഒരു ഡോസ് 200 രൂപയാണ് വില . ഏപ്രിൽ മാസത്തോടെ 4.5 കോടി കൊവിഷീൽഡ് വാക്സിനുകൾ കൂടി വാങ്ങും. 16.5 ലക്ഷം ഡോസ് കൊവാക്സിൻ ഭാരത്ബയോടെക്ക് സൗജന്യമായാണ് കേന്ദ്രത്തിന് നൽകുന്നത്. 55 ലക്ഷം വാക്സിനുകളാണ് കേന്ദ്രം വാങ്ങുക. ഡോസൊന്നിന് 206 രൂപയായിരിക്കും വില.
ആയിരക്കണക്കിനാളുകളിൽ ഈ രണ്ട് വാക്സിനുകളും പരീക്ഷിച്ചുവെന്നും കാര്യമായ പാർശ്വഫലങ്ങൾ ആരിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ.വി.കെ പോൾ പറഞ്ഞു.
വാക്‌സിനേഷനായി രണ്ടു ലക്ഷം വാക്‌സിനേറ്റർമാർ, 61000 പ്രോഗ്രാം മാനേജർമാർ, 3.7 ലക്ഷം മറ്റുള്ള അംഗങ്ങൾ എന്നിവർക്ക് പരിശീലനം നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളുമായി 26 വിർച്ച്വൽ യോഗങ്ങൾ ചേർന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കുറഞ്ഞത് ഒു സംസ്ഥാന തല വാക്‌സിൻ സംഭരണ കേന്ദ്രമുണ്ട്. യു.പിക്ക് 9, മദ്ധ്യപ്രദേശ്, ഗുജറാത്ത് നാല് വീതം, കേരളം മൂന്ന്, ജമ്മുകാശ്മീർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ടുവീതം സംസ്ഥാനതല വാക്‌സിൻ സംഭരണകേന്ദ്രങ്ങളുണ്ട്. നാലുവാക്സിനുകൾ കൂടി പരീക്ഷണം പുരോഗമിക്കുകയാണ്.
സൈഡസ് കാഡിലയുടെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ഈ മാസം ആരംഭിക്കും. സ്പുട്നിക്ക് വാക്‌സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ബയോളജിക്കിൽ ഇ-യുടെ രണ്ടാംഘട്ട പരീക്ഷണം മാർച്ചിൽ ആരംഭിച്ചേക്കും.ജെനോവയുടെ ആദ്യഘട്ട പരീക്ഷണത്തിന് അനുമതി നൽകിയതായും കേന്ദ്രം വ്യക്തമാക്കി.