supream-court

ന്യൂഡൽഹി: രാജ്യത്ത് കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെയുള്ളയിടങ്ങളിലെ അങ്കണവാടികൾ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. അങ്കണവാടികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്

മഹാരാഷ്ട്ര സ്വദേശി ദീപിക ജഗത്രം സഹാനി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നിർദേശം.

ഈ മാസം 31ന് മുമ്പ് അങ്കണവാടി തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന - കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാരുകൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഭക്ഷസുരക്ഷ നിയമപ്രകാരം കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പ് വരുത്തണം. ഗർഭിണികളിലെ പോഷകാഹാര കുറവ് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. അങ്കണവാടികളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തേടി വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചു.

മാസങ്ങളായി അങ്കണവാടികൾ അടഞ്ഞുകിടക്കുന്ന കുട്ടികളെയും ഒപ്പം അങ്കവാടിയിൽ നിന്ന് സമീകൃതാഹാരം ലഭിച്ചിരുന്ന ഗർഭിണികളേയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നുവെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം.