bird-flue

ന്യൂഡൽഹി: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടർന്ന് ഡൽഹിയിലെ രണ്ടു മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിൽ ഇറച്ചിക്കോഴി വില്പന നിരോധിച്ചു.
നോർത്ത് ഡൽഹി, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളാണ് നിരോധനം ഏർപ്പെടുത്തിയത്. കോഴിയിറച്ചി സംഭരിക്കുന്നതിലും മുട്ട, കോഴി വിഭവങ്ങൾ വിളമ്പുന്നതിലും ഹോട്ടലുകൾക്കും വിലക്കുണ്ട്. ഇറച്ചിക്കോഴി ഇറക്കുമതിയും തടഞ്ഞിട്ടുണ്ട്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ മയൂർവിഹാർ ഫേസ് 3, സഞ്ജയ് ലേക്ക്, ദ്വാരക എന്നിവിടങ്ങളിൽ ചത്ത കാക്കകളിലും താറാവുകളിലുമാണ് തിങ്കളാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ
സഞ്ജയ് ലേക്കിലെയും ഹോസ്‌കാസിലെയും ദ്വാരക സെക്ടർ 9ലെയും പാർക്കുകൾ അടച്ചിരുന്നു. വളർത്തുപക്ഷികളുടെ ഇറക്കുമതി സംസ്ഥാന സർക്കാർ നിരോധിച്ചു. ഡൽഹിയിലെ ഏറ്റവും വലിയ ഇറച്ചികോഴി മാർക്കറ്റായ ഗാസിപൂർ പത്തുദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.