മോദിയെ കണ്ട് ദുഷ്യന്ത് ചൗട്ടാല
കർഷകർക്കെതിരെ ഹേമമാലിനി
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ. ഉത്തരേന്ത്യയിലെ ശൈത്യകാല ആഘോഷമായ ലോഹ്‌റി ദിനമായ ഇന്നലെ പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലും ഡൽഹിയിലെ സമരകേന്ദ്രങ്ങളിലുമെല്ലാം പുതിയ കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചുവെന്ന് കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിലും കാർഷികനിയമത്തിന്റെ പകർപ്പ് കത്തിക്കൽ നടന്നു.
കർഷക പ്രക്ഷോഭത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരുണ്ടെങ്കിൽ കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്യണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിരോധിക്കപ്പെട്ട ട്രാക്ടർ ഉപയോഗിച്ച് തന്നെ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭം ശക്തമായി തുടരവെ ഹരിയാനയിലെ ബി.ജെ.പിയുടെ സഖ്യകക്ഷി ജെ.ജെ.പിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ബി.ജെ.പി സർക്കാരിൽ നിന്ന് പിന്മാറാൻ കർഷകർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയെ ദുഷ്യന്ത് ചൗട്ടാല കണ്ടത്. പ്രധാനമന്ത്രിയെ കണ്ടശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദുമായും കൂടിക്കാഴ്ച നടത്തി.
കർഷകരെ ആരോ ഇളക്കിവിട്ടത്: ഹേമമാലിനി
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരെ ആരോ ഇളക്കിവിട്ടിരിക്കയാമെന്നും കർഷക നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അവർക്ക് അറിയില്ലെന്നും ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി.
'നിയമങ്ങൾ കോടതി സ്റ്റേ ചെയ്തത് നന്നായി. ഇത് സ്ഥിതിഗതികൾ ശാന്തമാക്കും. ഇത്രയധികം ചർച്ചകൾ നടത്തിയിട്ടും അഭിപ്രായ സമന്വയത്തിലെത്താൻ കർഷകർ തയ്യാറായിട്ടില്ല. കാർഷിക നിയമങ്ങളുടെ പ്രശ്നമെന്താണെന്നും തങ്ങൾക്ക് എന്താണ് വേണ്ടതെന്നും കർഷകർക്ക് അറിയില്ല. ആരെങ്കിലും ആവശ്യപ്പെട്ടതിനാലാണ് സമരം ചെയ്യുന്നതെന്നാണ് ഇതിനർത്ഥമെന്നും' അവർ പറഞ്ഞു.
കേരളത്തിലെ കർഷകർ ഇന്നെത്തും
കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്ന് പുറപ്പെട്ട കർഷകർ ഇന്ന് രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപൂരിലെ സമരകേന്ദ്രത്തിലെത്തും. തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് അഞ്ഞൂറോളം കർഷകർ യാത്ര പുറപ്പെട്ടത്. പുലർച്ചെ ജയ്‌പൂരിൽ എത്തുന്ന സംഘം അവിടെ നിന്ന് ഡൽഹി ഹൈവേയിലൂടെ ഷാജഹാൻപൂരിലേക്ക് തിരിക്കും. കിസാൻസഭ അഖിലേന്ത്യാ നേതാക്കളായ കെ.എൻ. ബാലഗോപാൽ, കെ.കെ. രാഗേഷ് എം.പി എന്നിവരും സംഘത്തോടൊപ്പം അണിനിരക്കും.