tejas-jet

ന്യൂഡൽഹി:വ്യോമസേനയ്ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ നിന്ന് 48,​000 കോടി രൂപയ്‌ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇടപാടിന് അനുമതി നൽകിയത്. 73 തേജസ് എം.കെ 1എ യുദ്ധവിമാനങ്ങളും 10 എം.കെ-1 പരിശീലന വിമാനങ്ങളുമാണ് വാങ്ങുക. രൂപകൽപ്പനയും അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയാണ് 48,​000 കോടി.

വ്യോമസേനയുടെ ഏറ്റവും വലിയ ആഭ്യന്തര ഇടപാടാണിത്.

തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നാലാം തലമുറ ലഘുയുദ്ധ വിമാനമാണ് തേജസ്. അത്യാധുനിക റഡാർ, ദീർഘദൂര മിസൈൽ, ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കൽ,​ ശത്രു റഡാറിനെയും മിസൈലുകളെയും നിർവീര്യമാക്കാനുള്ള ജാമർ തുടങ്ങിയ സംവിധാനങ്ങളോടെയാണ് തേജസ് എത്തുക.

ഫെബ്രുവരി ആദ്യം എച്ച്. എ. എല്ലുമായി കരാർ ഒപ്പിടും. മൂന്ന് വർഷത്തിന് ശേഷം വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും. നിലവിലുള്ള തേജസ് വിമാനങ്ങളേക്കാൾ 43 സാങ്കേതിക മികവുകൾ പുതിയ വിമാനങ്ങൾക്കുണ്ടാവും

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി തേജസ് മാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

തേജസ് യുദ്ധവിമാനങ്ങൾ നേരത്തെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്നു. ഫ്‌ളൈയിംഗ് ഡാഗ്ഗേഴ്‌സ്, ഫ്ലൈയിംഗ് ബുള്ളറ്റ്‌സ് എന്നീ രണ്ട് തേജസ് സ്‌ക്വാഡ്രണുകൾ തമിഴ്നാട്ടിൽ സുളുർ എയർബേസിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് രണ്ടാം തേജസ് സ്‌ക്വാഡ്രൺ ഫ്‌ളൈയിംഗ് ബുള്ളറ്റ്സ് വ്യോമസേനയുടെ ഭാഗമായത്.