covid-vaccine

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിനെ തുടർന്ന് ഗുരുതര പാർശ്വഫലങ്ങളോ മറ്റ് സങ്കീർണതകളോ ഉണ്ടായാൽ ഉത്തരവാദിത്വവും നഷ്‌ടപരിഹാര ബാദ്ധ്യതയും അതത് വാക്സിൻ നിർമ്മാണ കമ്പനികൾക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വാക്സിൻ വാങ്ങാനുള്ള കരാറിൽ കേന്ദ്രം ഈ വ്യവസ്ഥ ഉൾപ്പെടുത്തി.

നഷ്ടപരിഹാര ബാദ്ധ്യതയിൽ നിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന വാക്‌സിൻ കമ്പനികളുടെ ആവശ്യമാണ് തള്ളിയത്.നഷ്ടപരിഹാര ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ എല്ലാ വാക്സിനേഷൻ നിയമങ്ങളും കൊവിഡ് വാക്‌സിനും ബാധകമാണ്. കു‌ത്തിവയ്‌പ്പെടുത്തവർ‌ക്ക് ആരോഗ്യപരമായ സങ്കീർണതകളുണ്ടായാൽ കമ്പനികൾ നിർബന്ധമായും കേന്ദ്രസർക്കാരിനെ അറിയിക്കണം. നഷ്ടപരിഹാരമടക്കമുള്ള ബാദ്ധ്യത കമ്പനികൾക്കായിരിക്കും - കേന്ദ്രം അറിയിച്ചു
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. നാളെയാണ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റെക്കാഡ് വേഗത്തിലാണ് ലോകത്ത് വാക്‌സിനുകൾ വികസിപ്പിച്ചത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ അപകടങ്ങളുടെ ബാദ്ധ്യത സർക്കാരുകൾ ഏറ്റെടുത്തിരുന്നു. അത് ഇന്ത്യയിലും നടപ്പാക്കണമെന്നായിരുന്നു വാക്സിൻ നി‌ർമ്മാതാക്കളുടെ ആവശ്യം.