bhoopeender

ന്യൂഡൽഹി: കർഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് കാർഷികസാമ്പത്തിക വിദഗ്ദ്ധൻ ഭൂപീന്ദർ സിംഗ് മാൻ പിന്മാറി. പഞ്ചാബിലെ കർഷകരുടെയും ജനങ്ങളുടേയും താത്പര്യം പരിഗണിച്ച് താൻ സമിതിയിൽ നിന്ന് പിന്മാറുകയാണെന്ന് ഭൂപീന്ദർ പറഞ്ഞു.

''കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള പ്രശ്നപരിഹാരത്തിനുള്ള നാലംഗസമിതിയിൽ ഉൾപ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നു. കർഷകനെന്ന നിലയിലും കാർഷിക യൂണിയൻ നേതാവെന്ന നിലയിലും കർഷകരുടെയും പൊതുജനങ്ങളുടെയും വികാരം എനിക്ക് മനസിലാക്കാനാവും. അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ലഭിച്ച പദവിയിൽ നിന്ന് ഞാൻ പിന്മാറുന്നു. കർഷകർക്കൊപ്പവും പഞ്ചാബിനൊപ്പവും നിൽക്കുന്നുവെന്ന്' ഭൂപീന്ദർ പ്രസ്താവനയിൽ പറഞ്ഞു.

ഭാരതീയ കിസാൻ യൂണിയനും ഇക്കാര്യം ട്വീറ്റ് ചെയ്തു. ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ - ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിംഗ് മാൻ. കഴിഞ്ഞ ദിവസമാണ് കർഷക പ്രശ്‌നം പരിഹരിക്കാൻ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ദ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഗൻവാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.