ന്യൂഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിൻ വിതരണ യജ്ഞത്തിന് തുടക്കമിട്ട് നാളെ ഇന്ത്യയിൽ മൂവായിരം കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കും. ആദ്യ ദിനം മൂന്നു ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് കുത്തിവയ്ക്കും. ഒാരോ കേന്ദ്രത്തിലും ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കും.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വാക്സിൻ കുത്തിവയ്പ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
2.74 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചു. 2.4 ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ് ദേശീയ തലസ്ഥാനത്ത് വാക്‌സിൻ നൽകേണ്ടത്. അതിനാൽ കൂടുതൽ ഡോസ് ആവശ്യമാണ്. നാളെ 81 കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിക്കുക. ഇത് 175 ആയും പിന്നീട് ആയിരമായും ഉയർത്തും. ആഴ്ചയിൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ്. ഒരു ദിവസം എട്ടായിരത്തിലേറെ പേർക്ക് വാക്‌സിൻ കുത്തിവയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.