tractor-rally

 കർഷക സമരം @ 50

ന്യൂഡൽഹി: പുതിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലി രാജ്‌പഥിലേക്കല്ലെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഡൽഹി അതിർത്തിയിൽ സമാധാനപരമായി കിസാൻ പരേഡ് നടത്തും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലേക്ക് മാർച്ച് നടത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധത്തെ അവഹേളിക്കാനാണ്. പരേഡിന്റെ റൂട്ടും വിശദാംശങ്ങളും നേതാക്കളുടെ യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് പൂർത്തിയായ ശേഷമാണ് കിസാൻ പരേഡ് നടത്തുകയെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ളയും വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ ജില്ലാതലങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. കർഷകർക്കൊപ്പം തൊഴിലാളികളും അണിനിരക്കും. തിങ്കളാഴ്ച മഹിളാ കിസാൻ ദിനം ആചരിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23 മുതൽ 25 വരെ രാജ്ഭവനുകൾക്കു മുന്നിൽ ഉപരോധം നടക്കും. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിനു ശേഷം പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്നും ഹനൻമൊള്ള പറഞ്ഞു.

50 ദിവസം പിന്നിട്ട കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കർഷകർ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു.

 നിർണായക ചർച്ച ഇന്ന്

സമരം ഒത്തുതീർക്കാനുള്ള ഒമ്പതാംഘട്ടചർച്ച ഇന്ന് നടക്കും. പുതിയ നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും പ്രശ്നപരിഹാരത്തിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തതിന് ശേഷം കേന്ദ്രസർക്കാരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച നേതാക്കളും തമ്മിലുള്ള ആദ്യ ചർച്ചയാണിത്. സ്റ്റേ പരിഹാരമല്ലെന്നും നിയമം പിൻവലിക്കണമെന്നതാണ് ആവശ്യമെന്നും ക‌ർഷകർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങളെ അനുകൂലിക്കുന്നവരടങ്ങിയ സമിതിയുമായി സഹകരിക്കില്ല. ഇപ്പോഴത്തെ നിയമങ്ങൾ റദ്ദാക്കി പുതിയ നിയമങ്ങൾ രൂപീകരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടാണ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.സമരത്തിൽ ദേശവിരുദ്ധരായ ഖലിസ്ഥാനികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിൽ കർഷകർക്ക് അതൃപ്തിയുണ്ട്. അതേസമയം തുറന്ന മനസോടെ ചർച്ചയ്ക്ക് തയാറാണെന്നും ഫലപ്രദമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു.