enrica-lexie

ന്യൂഡൽഹി :എണ്ണക്കപ്പലായ എൻറിക്ക ലെക്‌സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസ് ഇറ്റലിയിൽ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം വാങ്ങി അവസാനിപ്പിക്കാൻ ധാരണയായെന്നു വിദേശ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

വെടിയേറ്റു മരിച്ച കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതർക്ക് നാലു കോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകി കേസ് അവസാനിപ്പിക്കാൻ ഇറ്റലി സർക്കാരുമായും സംസ്ഥാന സർക്കാരുമാരും ധാരണയായെന്ന് കേന്ദ്രം അറിയിച്ചു.

കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. പത്ത് കോടിയേ നൽകാനാകൂ എന്ന് ഇറ്റലി അറിയിച്ചു.

അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ തുടർച്ചയായിട്ടായിരുന്നു ഈ നീക്കം. ട്രൈബ്യൂണൽ കഴിഞ്ഞ മേയ് 21നു നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അന്നു വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശിച്ചത്.

ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിനു വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തുകയെ കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിച്ചില്ലെങ്കിൽ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്നു ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.

വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള നടപടികളല്ല, ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കി ഒത്തുതീർക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.