republic-day

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി വിദേശ നേതാക്കളുണ്ടാകില്ലെന്ന് കേന്ദ്രം. ലോകത്താകെയുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇത്തവണ അതിഥികൾ വരാത്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്ത അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ആദ്യം വരാനിരുന്നത്. ബ്രിട്ടനിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതോടെ അദ്ദേഹം യാത്രയിൽ നിന്ന് പിന്മാറി. ശേഷം ഇന്ത്യൻ വംശജനും തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റുമായ ചന്ദ്രികാപെർസാദ് സന്തോക്കി അതിഥിയായിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അതെല്ലാം തള്ളിയാണ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന.

കൊവിഡ് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ള ആഘോഷങ്ങൾ. രാജ്പഥിൽ നടക്കുന്ന മാർച്ചിൽ സംഘങ്ങളുടെ അംഗബലം 144ൽ നിന്ന് 96 ആയി കുറച്ചു. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച് ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണൽ സ്റ്റേഡിയം വരെയാക്കി ചുരുക്കി. അതായത് 8.2 കിലോമീറ്ററെന്നത് 3.3 കിലോമീറ്ററായി ചുരുക്കി. ഫ്ളോട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും. ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചു. 15ന് വയസിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കില്ല. കാണികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് 25,000 ആക്കി കുറച്ചു. സാംസ്കാരിക പരിപാടികൾക്കും നിയന്ത്രണമുണ്ടാകും. കൊവിഡിനൊപ്പം കർഷകസമരവും റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.