ന്യൂഡൽഹി: ഇന്ത്യാ - ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി.
ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കാനുള്ള ബുദ്ധിമോശം ആരും കാണിക്കരുതെന്നും ഗൽവാൻ ധീരരുടെ ജീവത്യാഗം വൃഥാവിലാകില്ലെന്നും കരസേനാമേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു. 73-ാം ആർമി ഡേ പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതിർത്തി ലംഘിക്കാനുള്ള ഗൂഢാലോചനയ്ക്ക് അനുയോജ്യമായി മറുപടി നൽകി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇന്ത്യയുടെ ക്ഷമപരീക്ഷിക്കാനുള്ള ബുദ്ധിമോശം ആരും കാണിക്കരുത്. ഗൽവാനിലെ ധീരരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഒരു കോട്ടവുമുണ്ടാക്കാൻ ഇന്ത്യൻ സൈന്യം അനുവദിക്കില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരും.
സ്ഥിതി നിയന്ത്രണവിധേയമാക്കാനായി എട്ടുവട്ടം സൈനിക തല ചർച്ചകൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ചുകയറിയ ചൈനീസ് സൈനികരെ ധീരമായി ചെറുക്കുന്നതിനിടെ ഇന്ത്യയുടെ 20 സൈനികരാണ് കഴിഞ്ഞവർഷം ജൂണിൽ വീരമൃത്യുവരിച്ചത്. ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ തിരിച്ചടിയിൽ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്.
ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻറാവത്ത്, ജനറൽ എം.എം നരവനെ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേന മേധാവി ആർ.കെ.എസ് ബദൂരിയ എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ധീരജവാൻമാർക്ക് ആദരമർപ്പിച്ചു.
400 ഓളം ഭീകരർ നുഴഞ്ഞുകയറാനൊരുങ്ങുന്നു
ഭീകരർക്ക് സുരക്ഷിതതാവളം ഒരുക്കുന്നത് പാകിസ്ഥാൻ തുടരുകയാണെന്നും നിയന്ത്രണരേഖയിൽ പാക് അധീന കാശ്മീരിലെ ട്രെയിനിംഗ് കാമ്പുകളിലായി 300 - 400 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറായിരിക്കുകയാണെന്നും ജനറൽ നരവനെ പറഞ്ഞു. കഴിഞ്ഞവർഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള വെടിനിറുത്തൽ ലംഘനങ്ങൾ 40 ശതമാനം വർദ്ധിച്ചു. ഇത് പാകിസ്ഥാന്റെ കുടില തന്ത്രങ്ങളുടെ തെളിവാണ്. ഡ്രോണുകൾ ഉപയോഗിച്ച് ആയുധക്കള്ളക്കടത്തിനും ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.