ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 5,00,100 രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ,
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി, കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവർ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒരു ലക്ഷം രൂപയും സംഭാവന നൽകി.
വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ഫണ്ട് ശേഖരണത്തിലെ ആദ്യ സംഭാവനയാണ് രാഷ്ട്രപതിയുടേതെന്ന് നേതാക്കൾ അറിയിച്ചു. 44 ദിവസത്തെ ഫണ്ട് ശേഖരണ ക്യാമ്പെയ്‌നിൽ 15 മുതൽ 31 വരെയുള്ള ആദ്യഘട്ടത്തിൽ പ്രമുഖരിൽ നിന്നാണ് സംഭാവന തേടുന്നത്. ഫെബ്രുവരി ഒന്നു മുതൽ 27 വരെയുള്ള രണ്ടാംഘട്ടത്തിൽ പൊതുജനങ്ങളെ സമീപിക്കും.
യു.പിയിൽ ഫണ്ട് സമാഹരണത്തിന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും ജമ്മുകാശ്‌മീരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജിയും തുടക്കം കുറിച്ചിരുന്നു. ആകെ1100 കോടിയോളം രൂപയാണ് രാമക്ഷേത്രനിർമ്മാണത്തിനായി വേണ്ടതെന്നാണ് റിപ്പോർട്ട്.