farmers-protest

 കോടതിക്ക് പുറത്ത് പ്രശ്നപരിഹാരമെന്ന് കർഷകരും കേന്ദ്രവും

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കളും നിയമ ഭേദഗതിയെന്ന നിലപാടിൽ കേന്ദ്രസർക്കാരും ഉറച്ചുനിന്നതോടെ കർഷകസമരം അവസാനിപ്പിക്കാനുള്ള ഒമ്പതാം വട്ട ചർച്ചയും പാളി. 19ന് ഉച്ചയ്ക്ക് 12ന് വീണ്ടും ചർച്ച നടത്തും. അതേസമയം ചർച്ചയിലൂടെ കോടതിക്ക് പുറത്ത് പ്രശ്നപരിഹാരമെന്ന തീരുമാനത്തിന് ഇരുകൂട്ടരും സമ്മതം മൂളി.
നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തതിനാൽ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. നിരവധി ആവശ്യങ്ങൾ അംഗീകരിച്ചിട്ടും നിയമങ്ങൾ റദ്ദാക്കണമെന്ന ഒറ്റനിലപാടിൽ കർഷകർ തുടരുന്നതിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അതൃപ്തിയറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കർഷകർ നിർദ്ദേശംവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നിയമങ്ങൾ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം തീരുമാനിക്കണം. പ്രതിഷേധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വിവിധയാളുകൾക്കെതിരെ പ്രതികാര നടപടികളെടുക്കുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ ഹാജരാകുമെന്ന് തോമർ അറിയിച്ചു. എന്നാൽ സമിതിയോട് സഹകരിക്കില്ലെന്നും കേന്ദ്രസർക്കാരുമായി മാത്രമേ ചർച്ച നടത്തുള്ളൂവെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിയമങ്ങളെക്കുറിച്ച് നല്ലനിലയിലുള്ള ചർച്ച നടന്നെന്നും ചില പരിഹാരങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കർഷകനേതാവ് ദർശൻപാൽ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങണമെന്ന് ബി.കെ.യു (അസ്‌ലി) നേതാവ് ചൗധരി ഹർപാൽ സിംഗ് പറഞ്ഞു.

നിയമങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്ത ശേഷം കേന്ദ്രസർക്കാരുമായുള്ള ആദ്യ ചർച്ചയായിരുന്നു ഇന്നലത്തേത്.
സുപ്രീംകോടതി നിയോഗിച്ച സമിതി 19ന് ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
51-ാം ദിവസത്തിലേക്ക് കടന്ന ദില്ലി ചലോ സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിലെ 40 നേതാക്കളും തോമറിനെകൂടാത,റെയിൽവെമന്ത്രി പിയുഷ് ഗോയൽ, കേന്ദ്രസഹമന്ത്രി സോം പ്രകാശ് എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.

കേരളത്തിലെ കർഷകരെത്തി

കേരളത്തിൽ നിന്നുള്ള കർഷകസംഘം പ്രവർത്തകർ സംസ്ഥാന നേതാക്കളായ കെ.എൻ.ബാലഗോപാൽ, കെ.കെ രാഗേഷ് എം.പി എന്നിവരുടെ നേതൃത്വത്തിൽ ജയ്പുർ ഡൽഹി ദേശീയ പാതയിലൂടെ റാലിയായി ഷാജഹാൻപൂരിലെ സമരകേന്ദ്രത്തിലെത്തി. രണ്ട് ബാച്ചുകളിലായി ആയിരത്തോളം കർഷകരാണെത്തിയത്.