bribe

ന്യൂഡൽഹി: കൈക്കൂലി കേസിൽ തങ്ങളുടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കേണ്ടിവരികയും സ്വന്തം ആസ്ഥാനം തന്നെ റെയ്ഡ് ചെയ്യേണ്ടിവരികയും ചെയ്ത നാണക്കേടിൽ സി.ബി.ഐ. ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ഗാസിയാബാദിലെ സി.ബി.ഐ അക്കാഡമിയിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് സി.ബി.ഐ അഴിമതിവിരുദ്ധ വിഭാഗം കഴിഞ്ഞദിവസം കേസെടുത്തത്.
ഡി.എസ്.പിമാരായ ആർ.കെ. ഋഷി, ആർ.കെ. സംഗ്വാൻ, ബാങ്കിംഗ് സെക്യൂരിറ്റി ആൻഡ് ഫ്രോഡ് സെൽ ഇൻസ്‌പെക്ടർ ധൻകദ്, സ്റ്റെനോ സമീർകുമാർ സിംഗ് എന്നിവരാണ് കുടുങ്ങിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തി ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണവിധേയമായ കമ്പനിയെ സഹായിച്ചുവെന്നാണ് കേസ്. ചില അഭിഭാഷകരെയും മറ്റുചിലരെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.
സി.ബി.ഐ ആസ്ഥാനമായ ഡൽഹി സി.ജി.ഒ കോംപ്ലക്‌സിലും ഗാസിയാബാദിലെ സി.ബി.ഐ അക്കാഡമിയിലും നോയിഡ, ഗുഡ്ഗാവ്, മീററ്റ്, കാൺപുർ തുടങ്ങി 14 ഇടങ്ങളിലും പരിശോധന നടത്തി.