nidhi-razdan

ന്യൂഡൽഹി: യു.എസിലെ ഹാർവാർഡ് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി തനിക്ക് ലഭിച്ച നിയമന ഉത്തരവ് വ്യാജമാണെന്നും ഗുരുതര സൈബർ തട്ടിപ്പിന് ഇരയായതായും മുതിർന്ന മാദ്ധ്യമപ്രവർത്തക നിധി റസ്ദാൻ വെളിപ്പെടുത്തി. ഹാർവാർഡിൽ ജേർണലിസം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെട്ടുവെന്ന ഇ-മെയിൽ സന്ദേശത്തെ തുടർന്ന് ജൂൺ 13നാണ് നിധി റസ്ദാൻ എൻ.ഡി.ടി.വിയിൽ നിന്ന് രാജിവച്ചത്. 21 വർഷം എൻ.ഡി.ടി.വിയിൽ മാദ്ധ്യമപ്രവർത്തകയായിരുന്നു നിധി റസ്ദാൻ. സെപ്തംബറിൽ ഹാർവാർഡിൽ ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു സന്ദേശത്തിൽ. കൊവിഡ് ചൂണ്ടിക്കാട്ടി ഈ വർഷം ജനുവരി വരെ സമയം നീട്ടിയതായി സന്ദേശം വന്നു. തുടർന്ന് ജോലിയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ സർവകലാശാലയിൽ നിന്നെന്ന പേരിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയതോടെ ഹാർവാർഡിലെ ഉന്നതരുമായി നേരിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. എന്നാൽ ഹാർവാർഡിൽ അങ്ങനെയൊരു ജേർണലിസം സ്‌കൂളിലെന്ന് അധികൃതർ നിധിയെ അറിയിക്കുകയായിരുന്നു. ആസൂത്രിതമായ തട്ടിപ്പിനാണ് ഇരയായതെന്നും പൊലീസിന് പരാതി നൽകിയതായും ഹാർവാ‌ർഡ് സർവകലാശാലയെയും വിവരം അറിയിച്ചതായും നിധി റസ്ദാൻ പ്രസ്താവനയിൽ പറഞ്ഞു.