ന്യൂഡൽഹി പതിമൂന്നുകാരനെ നിർബന്ധിച്ച് ലിംഗമാറ്റം നടത്തി വർഷങ്ങളായി ബലാത്സംഗത്തിനിരയാക്കി. വടക്ക് കിഴക്കൻ ഡൽഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡൽഹി വനിതാകമ്മിഷനിൽ ലഭിച്ച പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നുവർഷം മുമ്പ് നൃത്തപരിപാടിക്കിടെയാണ് പതിമൂന്നുകാരനെ കുറ്റാരോപിതർ പരിചയപ്പെട്ടത്. തുടർന്ന് നൃത്തം പഠിപ്പിക്കാമെന്ന പേരിൽ സൗഹൃദം സ്ഥാപിച്ചു. പിന്നീട് മയക്കുമരുന്നിന് അടിമയാക്കി. വൈകാതെ നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശാരീരികമാറ്റങ്ങൾ വേഗത്തിലാക്കാൻ ഹോർമോണുകൾ കുത്തിവച്ചു. പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കുകയും പണം വാങ്ങി മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. ട്രാഫിക് സിഗ്നലിൽ ട്രാൻസ്‌ജെൻഡർ രൂപത്തിൽ ഭിക്ഷയാചിപ്പിച്ചു. ഈ സംഘം നിരവധി പേരെ തട്ടിപ്പിനിരയാക്കുകയും ചെയ്തു.
കൊവിഡ് കാലത്ത് ഒരു സുഹൃത്തിനൊപ്പം രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും സംഘം വീണ്ടും ഭീഷണിയുമായെത്തി. മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തിയതോടെ വീട് വിട്ട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് അഭയം തേടി. ഇവരെ കണ്ടുമുട്ടിയ അഭിഭാഷകനാണ് വനിതാ കമ്മിഷന് മുൻപാകെ എത്തിച്ചത്. കമ്മിഷൻ വിഷയത്തിൽ കേസെടുത്തു. പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിയമപരമായ സഹായം നൽകുമെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും കമ്മിഷൻ അറിയിച്ചു.